ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ആക്രിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരയത്തിനാൽ കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ മുന്ന എന്ന് വിളിക്കുന്ന സിറാജ് (36) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സെപ്റ്റംബർ മാസം 29 ആം തീയതി രാത്രിയോടു കൂടി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ആക്രിക്കട കുത്തി തുറന്ന് അതിനുള്ളിൽ നിന്നും 20,000 രൂപ വില വരുന്ന സി.സി.ടി.വി മോണിറ്റർ, ഡി.വി.ആർ എന്നിവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ സന്തോഷ് കുമാർ എൻ, എ.എസ്.ഐ മാരായ മണി കെ.കെ, തങ്കമ്മ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത്, ജിനു ജി.നാഥ്, സനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറാജിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.