കോട്ടയം : കോട്ടയത്തുള്ളവർ ഏറെ ഉത്തരവാദിത്വത്തോടെയും, സത്യസന്ധരായും ജീവിക്കുന്നവരാണെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. ഒരു വർഷവും ഒരു മാസവും ജില്ലയുടെ ചുമതല വഹിക്കെ അതിസങ്കീർണമായ പ്രതിസന്ധികൾ ഇവിടെ നിന്നും ഉണ്ടായിട്ടില്ലെന്നും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു കൊണ്ട് കളക്ടർ ചൂണ്ടിക്കാട്ടി. ഏറെ സംതൃപ്തിയോടെയാണ്
400 ദിവസത്തോളം കോട്ടയം ജില്ലയുടെ കളക്ടറായി സേവനമനുഷ്ഠിച്ചതെന്ന് ചുമതല ഒഴിയുന്ന കോട്ടയം ജില്ലാ കളക്ടർ വിഗ്നേശ്വരി പറഞ്ഞു. കോട്ടയത്തുള്ള ജനങ്ങളെ ഏറെ ഇഷ്ടപ്പെട്ടു. എന്തു കാര്യം പറഞ്ഞാലും അത് ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതാണ് കോട്ടയത്തുള്ളവരുടെ സ്വഭാവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരായി ചിന്തിച്ച് അഭിപ്രായം തുറന്ന പറയുന്നവരുമാണെന്നതും തൻ്റെ പ്രവർത്തനങ്ങളെ എളുപ്പമാക്കി എന്നും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു. അതിസങ്കീർണമായ പ്രതിസന്ധികൾ അതുകൊണ്ടു തന്നെ ഇക്കാലയളവിൽ ഒഴിവായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. മറ്റുള്ളവർക്ക് കരുതൽ ഒരുക്കാൻ വോൾ ഓഫ് ലവ് എന്ന പദ്ധതി കോട്ടയം കളക്ട്രേറ്റിൽ തുടങ്ങാം എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അത് ഏറ്റെടുത്തത് ഈ സമൂഹം ഒന്നാകെ ആയിരുന്നു. ഇന്ന് സ്കൂൾ, ബാങ്കുകൾ, വിവിധ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങി വിവിധ ഇടങ്ങളിലായി കോട്ടയം ജില്ലയിൽ 600 ഓളം വോൾ ഓഫ് ലവ് ഇടങ്ങളാണ് മറ്റുവർക്ക് ഭക്ഷണവും മരുന്നും വസ്ത്രവുമായി കരുതൽ തീർത്തതെന്നും കളക്ടർ പറഞ്ഞു.
മഴയുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഒട്ടേറെ ഫോൺ കോളുകൾ വന്നുവെങ്കിലും കുട്ടികൾ പുറത്തിറങ്ങിയാൽ സുരക്ഷാ ഭീഷണി ഉണ്ടാകും എന്ന ഘട്ടത്തിൽ മാത്രമാണ് അവധി പ്രഖ്യാപിക്കുന്നത് എന്നും കളക്ടർ വ്യക്തമാക്കി. മാലിന്യ നിർമ്മാർജ്ജനം, ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, അർബൻ കമ്പനി പ്രോജക്ട് തുടങ്ങി നിരവധി പദ്ധതികൾക്കായി ശ്രമം നടത്തി. ആകാശപാത പൊളിക്കണമെന്നോ നിലനിർത്തണമെന്നോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. വിഷയത്തിലെ സാങ്കേതിക റിപ്പോർട്ടാണ് താൻ സമർപ്പിച്ചതെന്നും കളക്ടർ വിഗ്നേശ്വരി പറഞ്ഞു..
സ്ത്രീ സമത്വം എന്നത് ഒറ്റയടിക്ക് സാധ്യമാകുന്നതല്ല. കാലക്രമേണ സമൂഹത്തിൽ ഈ മാറ്റം ഉൾക്കൊണ്ടുള്ള ജീവിത രീതി വരുമെന്നും അവർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വലിയ ടൂറിസം കേന്ദ്രങ്ങൾ കോട്ടയം ജില്ലയിൽ ഇല്ല, എന്നിരിക്കെ വാഗമൺ, കുമരകം, ഇലവീഴാപൂഞ്ചിറ പോലുള്ള ഡെസ്റ്റിനേഷൻ ടൂറിസം സെൻറുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തിയത്. ഭിന്നശേഷിക്കാരായവർക്കുള്ള വിവിധ പദ്ധതികളും തുടങ്ങിവെച്ചിട്ടുണ്ടെന്നും ഈ ചടങ്ങിന്റെ പൂർത്തീകരണ സമയത്ത് താൻ വീണ്ടും ജില്ലയിലേക്ക് അതിഥിയായി എത്തുമെന്ന് കളക്ടർ വിഗ്നേശ്വരി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ എന്നിവരും മുഖാമുഖം പരിപാടിയിൽ സംസാരിച്ചു. ശനിയാഴ്ച കോട്ടയം ജില്ലാ കളക്ടർ സ്ഥാനമൊഴിയുന്ന വിഗ്നേശ്വരി ജൂലൈ 22 ന് ഇടുക്കി ജില്ലാ കളക്ടറായി ചുമതല ഏൽക്കും.