ഗാന്ധിനഗർ: തെരുവുനായയുടെ ശല്യം രൂക്ഷമായ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ജീവനക്കാർക്കടക്കം ഏഴുപേർക്ക് ചൊവ്വാഴ്ച വൈകിട്ട് തെരുവുനായയുടെ കടിയേറ്റു. ഇതിൽ ആറു പേർ ചികിത്സ തേടി.പിന്നീട് ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.ആരോഗ്യ പ്രവർത്തകരെത്തി ചത്ത നായയുടെ സാമ്പിളുകൾ ശേഖരിച്ച് തിരുവല്ലയിലുള്ള ലാബിലേയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നെങ്കിൽ മാത്രമെ പേവിഷബാധ സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളു. തെരുവുനായകൾ കൂട്ടത്തോടെ അലഞ്ഞു തിരിയുകയാണിവിടെ.പലപ്പോഴും അക്രമാസക്തരാകുന്ന ഇവയെ പിടികൂടാനോ, സ്ഥലത്തു നിന്ന് മാറ്റാനോ പഞ്ചായത്തോ നഗരസഭ യോ ശ്രമിക്കാറുമില്ല. പലപ്പോഴും ഒ പി ടിക്കറ്റ് കൗണ്ടർ ബ്ലോക്കിനുള്ളിൽ പോലും ഇവയെ കാണാം. തെരുവുനായ്ക്കളെ പിടികൂടി മെഡിക്കൽ കോളേജ് പരിസരത്തു നിന്നും അടിയന്തിരമായി മാറ്റണമെന്ന് നാട്ടുകാർ പറയുന്നു.