കോട്ടയം: സംസ്ഥാനത്തെമ്പാടും വിജിലൻസ് നടത്തിയ ഓപ്പറേഷൻ സുതാര്യയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ വിജിലൻസിന്റെ പരിശോധന. കോട്ടയം ജില്ലയിലെ ഏഴു വില്ലേജ് ഓഫിസുകളിലാണ് വിജിലൻസ് സംഘം രാവിലെ 11 മണി മുതൽ പരിശോധന നടത്തിയത്. പെരുമ്പായിക്കാട്, പനച്ചിക്കാട്, എരുമേലി സൗത്ത്, അയർക്കുന്നം, വടയാർ, ബ്രഹ്മമംഗലം, കുറിച്ചി എന്നീ വില്ലേജുകളിലാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസ്സിസ്റ്റന്റ് ആർഒആർ, ലൊക്കേഷൻ സെക്ച്ച്, സൈറ് പ്ലാൻ കൈവശാനുഭവ സർട്ടിഫിക്കറ്റ് എന്നിവ തയ്യറാക്കി നൽകുന്നതിൽ അപേക്ഷകരിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി അപേക്ഷകർ വിജിലൻസിനോടു പറഞ്ഞു. പെരുമ്പായിക്കാട് വില്ലേജിൽ മൂന്നു മാസത്തിൽ കൂടുതൽ പഴക്കമുള്ള അപേക്ഷകൾ ഉൾപ്പെടെ 38 അപേക്ഷകൾ നടപടി സ്വീകരിക്കാതെ പൂഴ്ത്തി വച്ചിരുന്നതായി കണ്ടെത്തി. ഒരു അപേക്ഷകനിൽ നിന്നും ഗുഗിൽ പേവഴി 500 രൂപ കൈക്കൂലി വാങ്ങിയതായും, നേരിട്ട് 500 രൂപ വാങ്ങിയതായും പരിശോധനയിൽ വിജിലൻസ് കണ്ടെത്തി. പെരുമ്പായിക്കാട് വില്ലേജിൽ ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ 25 എണ്ണം പെന്റിംഗ് ഉള്ളതായും ആയതിൽ 8 അപേക്ഷകൾ 6 മാസത്തിൽ കൂടുതൽ പഴക്കമുള്ളതായും അപേക്ഷ സീനിയോറിറ്റി മറികടന്ന് 4 അപേക്ഷകൾ തീർപ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും കണ്ടെത്തി.
അയർക്കുന്നം വില്ലേജ് ഓഫീസർക്കെതിരെ പൊതുജനങ്ങൾക്ക് വ്യാപക പരാതി ഉള്ളതായും സമയ ബന്ധിതമായി ഒരു അപേക്ഷകളിലും നടപടി സ്വീകരിക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി. ഇവിടെ റിക്കാർഡുകളും മറ്റും വേണ്ടവണ്ണം പരിപാലിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രഹ്മമംഗലം വില്ലേജ്, കുറിച്ചി വില്ലേജ്, എരുമേലി തെക്ക് വില്ലേജുകളിൽ പല രീതിയിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വഭാവ വ്യതിയാനം സംബന്ധിച്ചുള്ള രജിസ്റ്റർ പരിശോധിച്ചതിൽ ശരിയായ രീതിയിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകൾ ലഭിച്ച തീയതിയോ, ഇത് തീർപ്പാക്കിയത് എങ്ങിനെ എന്നോ, പെൻഡിംങ് ഇരിക്കുന്ന അപേക്ഷയുടെ വിവരങ്ങളോ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 2023 ജനുവരി ഏഴിന് ശേഷം വൈക്കം തഹസീൽദാർ ബ്രഹ്മമംഗലം വില്ലേജ് ഓഫിസ് പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പുതുതായി ജോലിയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് ജോലി കൃത്യമായി വീതം വച്ച് നൽകിയിട്ടില്ലെന്നും, ആറു മാസത്തിലേറെ ലൊക്കേഷൻ സ്കെച്ചിൽ നടപടി എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾക്ക് ഡിവൈഎസ്പിമാരായ രവികുമാർ വി.ആർ, മനോജ് കുമാർ പി.വി, സിഐ മാരായ മഹേഷ് പിള്ള, രമേശ് ജി, സുനു മോൻ കെ , പ്രതീപ് എസ് , എസ്ഐ മാരായ സ്റ്റാൻലി തോമസ്, ജെയ്മോൻ വി.എം, പ്രസാദ് കെ.സി, പ്രതിപ് പി എൻ, ജോസഫ് ജോർജ്ജ് , എന്നിവരുടെ നേത്രത്വത്തിൽ ആണ് മിന്നൽ പരിശോധന നടത്തിയത്.