ജനറൽ ആശുപത്രിയിലെ മണ്ണ് കോടിമത -മൂപ്പായിക്കാട് റോഡ് ഉയർത്താൻ ഉപയോഗിക്കാൻ തീരുമാനം : നടപടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിന് തുടർന്ന്

കോട്ടയം : ജനറല്‍ ആശുപത്രി കോമ്ബൗണ്ടിലെ മണ്ണ് നീക്കം ചെയ്യാത്തതു മൂലം മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്‍റെ നിര്‍മാണം വൈകുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു.മണ്ണ് ഉപയോഗിച്ച്‌ കോടിമത -മൂപ്പായിക്കാട് റോഡ് ഉയര്‍ത്തും. മണ്ണ് ആലപ്പുഴയ്ക്കു കൊണ്ടുപോകാനായിരുന്നു ആദ്യ ആലോചനയെങ്കിലും അതിനുവരുന്ന ഭാരിച്ച ചെലവ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണ് കോട്ടയം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളില്‍ പൊതുആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ മന്ത്രി വി. എന്‍. വാസവന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പദ്ധതി അനന്തമായി വൈകുന്നതില്‍ അസ്വസ്ഥരായിരുന്ന നിര്‍മാണക്കരാറുകാര്‍, തൊട്ടടുത്താണങ്കില്‍ തങ്ങളുടെ ചെലവില്‍ തന്നെ മാറ്റാമെന്ന് സമ്മതം അറിയിച്ചിരുന്നു. ഇതിന്‍പ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍ദേശിച്ചതനുസരിച്ച്‌ എംസി റോഡിനെയും ഈരയില്‍ക്കടവ് റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ചു മുപ്പായിപ്പാടം വഴി മുപ്പായ്ക്കാടിനുള്ള റോഡ് എട്ട് മീറ്റര്‍ വീതിയില്‍ എംസി റോഡിന്‍റെ ഉയരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ട്, മാലിന്യനിക്ഷേപം, സാമൂഹ്യവിരുദ്ധ ശല്യം, തുടങ്ങിയ കാര്യങ്ങള്‍ ഫോട്ടോ സഹിതം ദീപിക നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് മുനിസിപ്പാലിറ്റിയുടേതാണെങ്കിലും 2019ല്‍ മധ്യഭാഗത്ത് 200 മീറ്റര്‍ ടാര്‍ ചെയ്തതല്ലാതെ നഗരസഭ ഈ റോഡിന് പണമേ മുടക്കിയിട്ടില്ല. 2004ല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറു ഭാഗം പുനരുദ്ധരിക്കുകയും 2007ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച്‌ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും ഭാരവണ്ടികയറി റോഡ് തകരുകയായിരുന്നു. 2019ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ റോഡിനു ഫണ്ട് അനുവദിച്ചങ്കിലും ടെണ്ടറില്‍ കരാര്‍ ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. ജില്ലാ ആശുപത്രിയില്‍നിന്നു നീക്കം ചെയ്യുന്ന മണ്ണ് റോഡ് ഉയര്‍ത്താനായി ഉപയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ എംഎല്‍എ കളക്‌ടര്‍ക്ക് കത്തു നല്‍കിയിരുന്നു. നഗരസഭയിലെ എന്‍ജിനിയറിംഗ് വിഭാഗം ചില തടസങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് പലതവണ ഇക്കാര്യം ഫയലില്‍ കുടുങ്ങി. ഇപ്പോഴും സീനിയറേജ് കാര്യത്തില്‍ കളക്‌ടറുടെ അന്തിമാനുമതിയായാലേ മണ്ണ് നീക്കം ചെയ്യാന്‍ കഴിയുള്ളൂ. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ ഫണ്ട് ഉപയോഗിച്ച്‌ റോഡിന്‍റെ സൈഡ് കെട്ടി ടാറിംഗും നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.