കോട്ടയം: ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡും അടച്ചിട്ടും തിരുനക്കരയിലെ സാധാരണക്കാരുടെ ദുരിതം തീരുന്നില്ല. തിരുനക്കര ഷോപ്പിംങ് കോംപ്ലക്സിൻ്റെ വശങ്ങൾ എല്ലാം അടച്ചു കെട്ടിയെങ്കിലും , കാൽനടക്കാർക്ക് ബസ് സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കാനും, സ്വകാര്യ വാഹനങ്ങൾക്ക് സ്റ്റാൻഡിനുള്ളിൽ കയറാനുമുള്ള പഴുതെല്ലാമിട്ടാണ് സ്റ്റാൻഡ് ഇപ്പോഴും പ്രവർത്തിക്കുന്നത്. നഗരസഭയുടെ ഓഫിസ് കെട്ടിടത്തിന് മുന്നിലെ നഗരസഭയുടെ തന്നെ സ്ഥലത്ത് പ്രവർത്തിക്കുന്ന രാജധാനി ഹോട്ടലിൻ്റെ കെട്ടിടത്തിൽ നിന്നും ബീം അടർന്നു വീണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷോപ്പിംങ് കോംപ്ലക്സിനുള്ളിൽ ബസുകൾ പ്രവേശിക്കുന്നത് വിലക്കിയതും, ടാക്സി സ്റ്റാൻഡ് മാറ്റിയതും.
എന്നാൽ, ഇതിന് ശേഷവും വ്യാഴാഴ്ച പകൽ സമയത്തും ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടത്തിനുള്ളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇത് കൂടാതെയാണ് സാധാരണക്കാരായ ആളുകൾ സ്റ്റാൻഡ് കെട്ടിടത്തിനുള്ളിലൂടെ കയറിയിറങ്ങി നടന്നത്. ഇത് രണ്ടും അക്ഷരാർത്ഥത്തിൽ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. കോട്ടയം നഗരത്തിലെ സാധാരണക്കാരായ ആളുകളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന വിധത്തിലാണ് ഈ കെട്ടിടത്തിനുള്ളിലൂടെ ആളുകൾ കയറിയിറങ്ങുന്നത്. ഇത് നിയന്ത്രിക്കാൻ നഗരസഭയോ പൊലീസോ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടാക്സി ഡ്രൈവർമാരെ അതിവേഗം ഒഴിപ്പിച്ച നഗരസഭ പക്ഷേ, ഇതിനുള്ളിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങളെ മാറ്റാൻ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനിടെ ഈ ടാക്സി സ്റ്റാൻഡിലേയ്ക്കുളള പ്രവേശനകവാടം ടാക്സി ഡ്രൈവർമാർ തന്നെ അടച്ചു. എന്നാൽ, പകൽ മുഴുവനും യാത്രക്കാർ ടാക്സി സ്റ്റാൻഡിൽ കയറിയിറങ്ങി നടക്കുകയായിരുന്നു.