കോട്ടയം: എഐവൈഎഫ് വനിതാ നേതാവിനെതിരെ മണ്ഡലം സെക്രട്ടറിയുടെ അതിക്രമമെന്ന് പരാതി. എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘം കോട്ടയം മണ്ഡലം പ്രസിഡന്റും ബ്രാഞ്ച് അസി.സെക്രട്ടറിയുമായ യുവതിയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയ്ക്കും ജില്ലാ സെക്രട്ടറിയ്ക്കും എഐവൈഎഫ് ജില്ലാ സെക്രട്ടറിയ്ക്കും പരാതി നൽകിയിരിക്കുന്നത്. സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി ടി.സി ബിനോയ്ക്ക് എതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മണ്ഡലം സെക്രട്ടറിയായ ബിനോയ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സഹിതമാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
മാസങ്ങളോളമായി ബിനോയ് തന്നെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നതായും, മോശമായ ഭാഷയിൽ വാട്‌സ്അപ്പിൽ സന്ദേശങ്ങൾ അയക്കുന്നതായുമായാണ് പരാതി ഉയർന്നിരിക്കുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ രാത്രി സമയങ്ങളിൽ ബിനോയ് നിരന്തരം ഫോണിൽ വിളിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. നിരന്തരം ശല്യം തുടർന്നതോടെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന്, യുവതിയുടെ ഭർത്താവ് ബിനോയിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിന് ശേഷവും നിരന്തരം ശല്യം തുടരുന്നതായാണ് പരാതി. നേരിട്ട് പാർട്ടി പരിപാടി വേദികളിൽ അടക്കം കാണുമ്പോൾ മോശമായും, അശ്ലീല ചുവയോടെയും ബിനോയ് സംസാരിക്കുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശല്യം അതിരൂക്ഷമാകുകയും രാത്രി കാലങ്ങളിൽ അശ്ലീലം കലർന്ന സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നത് പതിവായതോടെ ജില്ലാ സെക്രട്ടറിയോട് പരാതി പറയുമെന്ന് ബിനോയിയെ അറിയിച്ചു. എന്നാൽ, ഭർത്താവിനെ ഉപേക്ഷിക്കണമെന്നും താൻ വിവാഹം കഴിക്കാമെന്നും യുവതിയെ ബിനോയി അറിയിച്ചതായാണ് പരാതിയിൽ പറയുന്നത്. എന്നാൽ, ഇതിന് സമ്മതിക്കാതെ വന്നതോടെ തനിക്ക് പാർട്ടിയിലുള്ള സ്ഥാനം അറിയാമല്ലോ, എന്നെ എതിർത്ത റെനീഷ് കാരിമറ്റം അടക്കമുള്ള മുൻ നേതാക്കളുടെ സ്ഥിതി അറിയാമല്ലോ എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഈ സാഹചര്യത്തിൽ മറ്റ് സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ അവർക്കും സമാന രീതിയിൽ ദുരനുഭവം ഉണ്ടായിട്ടുള്ളതായും ഇവർ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ തനിക്ക് സുരക്ഷിതമായി പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, മഹിളാ സംഘം സെക്രട്ടറി ഹേമലത പ്രേംസാഗർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലെത്തീഫ് എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.