കോട്ടയം: വിൽപ്പനയ്ക്കായി ഒരു കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസിൽ യുവാവിന് മൂന്നു വർഷം കഠിന തടവും പിഴയും. ചങ്ങനാശ്ശേരി നെടുംകുന്നം മാന്തുരുത്തി കൂട്ടുങ്കൽ വീട്ടിൽ സ്റ്റീഫൻ കെ ദേവസ്യ (36)യെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ശിക്ഷിച്ചത്. 2019 ഏപ്രിൽ നാലിനായിരുന്നു കേസിനാസപ്ദമായ സംഭവം. ഏറ്റുമാനൂർ മനയ്ക്കപ്പാടം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് 1.080 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഏറ്റുമാനൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ എത്തിക്കുകയും ചെയ്തത്. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന മോഹനൻ നായർ എസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതിയ്ക്കെതിരായ കുറ്റങ്ങൾ സംശയാസ്പദമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി പ്രതിയെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.