കോട്ടയം: ഇല്ലിക്കൽ പതിനഞ്ചിൽക്കടവ് റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും, വൈദ്യുതി മുടങ്ങുകയും ചെയ്തു. പ്രദേശത്തെ ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും മരം വെട്ടിമാറ്റാൻ അധികൃതർ ആരും തന്നെ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് ഇല്ലിക്കൽ – പതിനഞ്ചിൽക്കടവ് റോഡിൽ പാണംപടി കുരിശിൻ തൊട്ടിയ്ക്ക് സമീപം റോഡിൽ മരം വീണത്. റോഡിനു കുറുകെ മരം വീണതോടെ ഇവിടെയുണ്ടായിരുന്ന രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇത് കൂടാതെ ബസുകൾ അടക്കം പോകുന്ന ഈ റോഡിലൂടെയുള്ള ഗതാഗതവും പൂർണമായും നിലച്ചു. ഈ റോഡിന്റെ സമീപത്തെ മറ്റൊരു ഇട റോഡിൽ നിന്ന വൈദ്യുതി പോസ്റ്റും റോഡിലേയ്ക്കു ചരിഞ്ഞിട്ടുണ്ട്. ഇതോടെ പ്രദേശത്ത് പൂർണമായും വൈദ്യുതി മുടങ്ങി. വിവരം അറിഞ്ഞ് കെ.എസ്.ഇ.ബി അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. എന്നാൽ, മരം വെട്ടിമാറ്റാൻ 8000 രൂപ കൂലി ആവശ്യമുണ്ട്. ഇത് ആര് മുടക്കുമെന്ന തർക്കത്തെ തുടർന്ന് മരം ഇപ്പോഴും റോഡിൽ തന്നെ കിടക്കുകയാണ്. ഇതേ തുടർന്ന് പ്രദേശത്തെ വാഹന ഗതാഗതവും വൈദ്യുതി വിതരണവും പൂർണമായും മുടങ്ങി.