കോട്ടയം: നഗര മധ്യത്തിൽ ജോയ് മാളിന് മുന്നിൽ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് മരിച്ച യാത്രക്കാരന്റെ സംസ്കാരം നാളെ. അപകടത്തിൽ മരിച്ച റിട്ട.ട്രാവൻകൂർ സിമന്റ്സ് ജീവനക്കാരൻ കടുവാക്കുളം അയ്മനംതറ ജോർജുകുട്ടി എബ്രഹാ(64)മിന്റെ സംസ്കാരമാണ് ആഗസ്്റ്റ് 12 തിങ്കളാഴ്ച നടക്കുക. ഇന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭൗതിക ദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ എട്ടു മണിയോടെ മൃതദേഹം വീട്ടിൽ എത്തിക്കും. തുടർന്ന്, ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭാര്യ: അന്നമ്മ. മക്കൾ : ജയ്മോൾ, മിന്ന. മരുമകൻ : ജിതിൻ (പുനലൂർ). ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ ജോയ് മാളിനു സമീപം അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ നിന്നും വെള്ളവുമായി എത്തിയ ടാങ്കർ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.