കുറവിലങ്ങാട്: ഉത്തമമനുഷ്യനെ വാർത്തെടുക്കുന്ന സർഗാത്മക പ്രക്രിയയാണ് വിദ്യാഭ്യാസം. കേവലം പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കുകയല്ല അതിൻ്റെ ലക്ഷ്യം.മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്ന മഹത്തായ പ്രവർത്തനമാണത്. നിർഭയമായ മനസ്സോടെ ശിരസുയർത്തി മുന്നേറാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കും. വാക്കുകൾ കൂട്ടി ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യാൻ കഴിവുള്ള ദൈവജ്ഞരാക്കുന്ന സർഗ്ഗക്രിയയാണത്. അന്യന്റെ പ്രശ്നങ്ങളോട് താദാത്മ്യപ്പെടുവാനുള്ള കഴിവാണ് ഉത്തമവിദ്യാഭ്യാസത്തിലൂടെ നാം കൈവരിക്കേണ്ടത്. സഹാനുഭൂതി പകരലാണ് അതിൻ്റെ കാതലായ ലക്ഷ്യം. സഹജീവികളോട് കരുണയോടെ പെരുമാറുക വഴി നാം കൂടുതൽ മനുഷ്യത്വം ഉള്ളവരാകുന്നു. അതുകൊണ്ടുതന്നെ വിദ്യയാണ് മഹാധനം എന്ന ചൊല്ല് തീർത്തും അർത്ഥവത്താണ് എന്ന് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോക്ടർ രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു.


കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടന്ന നിറവ് 2025 മെഗാ ടാലൻറ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു. ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, പ്രോഗ്രാം കോഡിനേറ്റർ നിഷ കെ. തോമസ്, തുടങ്ങിയവർ സംസാരിച്ചു. സംവാദം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ചിലമ്പ് നൃത്തമത്സരം തുടങ്ങിയവയും ടാലൻ്റ് ഷോയുടെ ഭാഗമായിരുന്നു.