കോട്ടയം : കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി കോട്ടയം കളക്ടറേറ്റ് വളപ്പിൽ നിന്ന് ചാടി രക്ഷപെട്ടു. കോടതി വളപ്പിൽ നിന്ന് ചാടിയ പ്രതിയെ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിട്ട് പിടികൂടി. കോട്ടയം റെയിൽവേ പൊലീസ് മോഷണക്കേസിൽ പിടികൂടിയ പ്രതിയാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെ ചാടി രക്ഷപെടാൻ ശ്രമിച്ചത്. അസം സ്വദേശിയായ ഗിൽദാർ ഹുസൈനാ (28) ണ് രക്ഷപെടാൻ ശ്രമിച്ചത്.
കോട്ടയം ബസേലിയസ് കോളജ് ഭാഗത്തേയ്ക് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ശശികുമാർ ആണ് സാഹസികമായി പിടികൂടിയത്. ഇന്നലെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം 650 ഗ്രാം കഞ്ചാവും മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും ആയി പ്രതിയെ പിടികൂടിയത്. തുടർന്ന് , ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കാൻ എത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിയിൽ ഹാജരാക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോൾ പ്രതി കോടതി വളപ്പിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. ഇയാൾ രക്ഷപെട്ടത് സംബന്ധിച്ച് ഉടൻ തന്നെ പൊലീസ് സംഘം വയർലെസ് സെറ്റ് വഴി സന്ദേശം കൈമാറി. ഈ സന്ദേശം കൈ മാറിയതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ശശികുമാർ പ്രദേശത്ത് പരിശോധന നടത്തി. ഈ സമയം ഗിൽദാർ ഹുസൈൻ ഈ റോഡിലൂടെ ഓടി വരികയായിരുന്നു. ഈ സമയം ശശികുമാർ പിന്നാലെ ഓടി പ്രതിയെ കീഴ്പ്പെടുത്തി. ഈ സമയം കൂടുതൽ പൊലീസ് സംഘം കൂടി സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഇനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.