കോട്ടയം : നഗരസഭ കൗൺസിലറും സിപിഎം പ്രവർത്തകനുമായ ബിനു പുളിക്കണ്ടത്തിനെതിരെ നടപടിയെടുത്ത് സിപിഎം. ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനു പുളിക്കക്കണ്ടത്തിന് എതിരെ അച്ചടക്ക നടപടിയാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടക്കം ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കിയാണ് സിപിഎം നടപടി എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ബിനു പുളിക്കണ്ടം കറുപ്പ് വസ്ത്രം ഉപേക്ഷിച്ച് വെള്ളവസ്ത്രം ധരിക്കുമെന്ന് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുളിക്കക്കണ്ടത്തിനെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായത്.
പാലായിൽ കേരളാ കോൺഗ്രസിൻ്റെ എതിർപ്പിനെ തുടർന്ന് ബിനു പുളിക്കക്കണ്ടത്തിന് നഗരസഭ ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു. ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം ബിനു പുളിക്കക്കണ്ടത്തിന് നഷ്ടമായി എന്നാണ് ആരോപണം. ഇപ്പോൾ രാജ്യ സഭാ സീറ്റ് ജോസ് കെ മാണിയുടെ സമ്മർദത്തെ തുടർന്ന് സിപിഐഎം വിട്ടു നൽകി. രണ്ടു വിഷയങ്ങളിലും സിപിഐഎം കേരളാ കോൺഗ്രസിനു മുന്നിൽ മുട്ടുമടക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്ട്രീയ യുദ്ധത്തിന് ഇല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ജനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാതെ പാർലമെൻ്ററി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ മാണിക്ക് രാഷ്ട്രീയ മര്യാദയില്ലെന്നാണ് ബിനുവിൻ്റെ നിലപാട്. അടുത്ത കൗൺസിൽ യോഗം മുതൽ വെളുത്ത വസ്ത്രം ധരിച്ചെത്തും. കൗൺസിൽ യോഗത്തിനിടെ കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ എതിരാളി മാണി സി കാപ്പന് പിന്തുണ നൽകിയതുമാണ് ബിനുവിനോട് കേരളാ കോണ്‍ഗ്രസിൻ്റെ ശത്രുതയ്ക്ക് കാരണം. വെള്ളവസ്ത്രം ധരിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്.