കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ തമ്മിലടിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ സുധീഷ് കുമാർ, ജോൺ ബോസ്‌കോ എന്നിവരെയാണ് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉത്തരവിറക്കിയത്. രണ്ടു പേർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും, ചങ്ങനാശേരി ഡിവൈഎസ്പി അന്വേഷണം നടത്താനും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
ചിങ്ങവനം പൊലീസ് സ്റ്റേഷന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതും, വാഹനം പാർക്ക് ചെയ്യുന്നതും സംബന്ധിച്ചും ചർച്ച നടന്നിരുന്നു. ഈ ചർച്ചയുടെ തുടർച്ചയായി സുധീഷും, ജോൺ ബോസ്‌കോയും സ്‌റ്റേഷനുള്ളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. തർക്കത്തെ തുടർന്ന് സിവിൽ പൊലീസ് ഓഫിസർ സുധീഷ് കുമാറിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ സിവിൽ പൊലീസ് ഓഫിസർ ജോൺ ബോസ്‌കോ പിടിച്ച് തള്ളുകയും തുടർന്ന് തല ജനൽ പാളിയിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോൺബോസ്‌കോയുടെ മർദനമേറ്റ സുധീഷ് കുമാർ സ്‌റ്റേഷനിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് എസ്.ഐയോട് പരാതി പറഞ്ഞ ശേഷം നിലവിളിയോടെ എംസി റോഡിലേയ്ക്ക് ഇറങ്ങിയോടി. ഈ സമയം പിന്നാലെ ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെയുമായി പൊലീസ് സംഘം ആശുപത്രിയിൽ എത്തി. ഇവിടെ സുധീഷ് കുമാറിന് പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും തമ്മിലടിയും ഉണ്ടാകുമ്പോൾ നിവധി ആളുകളാണ് സ്‌റ്റേഷനു പുറത്തുണ്ടായിരുന്നത്. ഇവരെല്ലാം തമ്മിൽ തല്ല് കണ്ടു നിൽക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും തമ്മിൽ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിനെയും, ബൈക്ക് പാർക്ക് ചെയ്യുന്നതിനെയും ചൊല്ലി തർക്കമുണ്ടായിരുന്നു. ഇരുവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് കാര്യമായി അടുപ്പം കാണിക്കാത്തവരുമായിരുന്നു. ഇരുവരും തമ്മിലടിച്ചത് പുറത്തറിഞ്ഞതോടെ പൊലീസ് സേനയ്ക്ക് കനത്ത നാണക്കേടായി മാറി. വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേർക്കും എതിരെ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.