പാലാ : ഗുരുതര ഹൃദ്രോഗം ബാധിച്ച രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അത്യാധുനിക ലീഡ്ലെസ് പേസ്മേക്കർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. മാലദ്വീപ് സ്വദേശിയായ 44 കാരനാണ് ഹൃദ്രോഗത്തെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയിരുന്നത്. റുമാറ്റിക് ഹൃദ്രോഗത്തെ തുടർന്ന് 8 വർഷമായി കൊച്ചിയിലെ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയത്തിന്റെ രണ്ട് വാൽവുകളും നേരത്തെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.
കിതപ്പ്, നെഞ്ചിടിപ്പ്, തലചുറ്റൽ, അമിത ക്ഷീണം എന്നിവ വീണ്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിയത്. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ.രാംദാസ് നായികിന്റെ നേതൃത്വത്തിൽ ഹോൾട്ടർ വച്ച് നടത്തിയ പരിശോധനയിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റിയതായും ഹൃദയമിടിപ്പ് വളരെ താഴുന്നതായും കണ്ടെത്തി. ഇതിനാലാണ് യുവാവിനു തലചുറ്റലും മറ്റ് അസ്വസ്ഥകളും അനുഭവപ്പെട്ടിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവിന്റെ വാൽവുകൾ രണ്ടും മാറ്റി വച്ചിരുന്നതിനാലും രക്തം കട്ട ആകാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നതിനാലും സാധാരണ പേസ്മേക്കർ സ്ഥാപിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. ഇൻഫെക്ഷൻ , രക്തസ്രാവം എന്നിവയ്ക്കും സാധ്യതയുള്ളതിനാലാണ് അത്യാധുനിക ലീഡ്ലെസ് പേസ്മേക്കർ ചികിത്സ നിർദേശിച്ചത്. ഡോ.രാംദാസ് നായികിന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ യുവാവിന്റെ കാലിൽ കൂടി ഹൃദയത്തിന്റെ വലത്ത് ഭാഗത്തെ അറയിൽ എത്തിച്ചാണ് ലീഡ്ലെസ് പേസ്മേക്കർ സ്ഥാപിച്ചത്. കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ – ഉും ചികിത്സയുടെ ഭാഗമായി.
ക്യാപ്സൂൾ വലുപ്പം മാത്രമാണ് ലീഡ്ലെസ് പേസ്മേക്കറിനുള്ളത്. സാധാരണ പേസ്മേക്കർ സ്ഥാപിക്കുമ്പോൾ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ഉൾപ്പെടെ നിർത്തേണ്ടി വരുമ്പോൾ ലീഡ്ലെസ് പേസ്മേക്കറിന് ഇതിന്റെ ആവശ്യമില്ല എന്ന പ്രത്യേതതയുമുണ്ട്. മരുന്നുകൾ തുടർന്നു കൊണ്ടു തന്നെയാണ് ചികിത്സ പൂർത്തീകരിച്ചത്.ഇൻഫെക്ഷനും രക്തസ്രാവവും ഉണ്ടാകില്ലെന്നതും ഇതിന്റെ നേട്ടമാണ്. പിറ്റേദിവസം തന്നെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ രോഗി ചികിത്സ പൂർത്തീകരിച്ചു മാലദ്വീപിനു മടങ്ങുകയും ചെയ്തു.
സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡോ.ബിബി ചാക്കോ ഒളരി, കൺസൾട്ടന്റ് ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി എന്നിവരും മാർ സ്ലീവാ മെഡിസിറ്റിയിലെ ഹൃദ്രോഗ വിഭാഗത്തിലെ മറ്റ് ഡോക്ടർമാരാണ്.