കോട്ടയം : കോട്ടയം സംക്രാന്തിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ സംക്രാന്തി മാളിയേക്കൽ വീട്ടിൽ സിബി (53)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീടിനു സമീപത്തോടെ ചേർന്ന് ഓട്ടോറിക്ഷക്കുള്ളിൽ ആണ് മൃതദേഹം കണ്ടത്. രാവിലെ ഏഴുമണിയോടുകൂടി നാട്ടുകാരാണ് ഓട്ടോറിക്ഷക്കുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഗാന്ധിനഗർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിൻറെ വീട്ടിലെ വിവാഹ ആഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സിബി മടങ്ങിയെത്തിയത്. ഇതിനുശേഷം ഓട്ടോറിക്ഷക്കുള്ളിൽ ഇരിക്കുകയായിരുന്നുവെന്നും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. അസ്വാഭാവിക മരണത്തിന് ഗാന്ധിനഗർ പോലീസ് കേസെടുത്തു.