കോട്ടയം: ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ ഡീലർ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ ഇൻഡ്യൻ ഓയിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കേണ്ടി വരുമെന്ന് കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.വിലയിൽ പ്രകടമായ അന്തരമുള്ളതിനാൽ ഇൻഡ്യൻ ഓയിലിൻ്റെ പ്രീമിയം പെട്രോളും,ഗ്രീൻ ഡീസലും ഉപഭോക്താക്കളിൽ ഭൂരിഭാഗവും മുൻഗണനയായി പരിഗണിക്കുന്നില്ല,അതിനാൽ പെട്രോൾ പമ്പുകളിൽ മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളുടെ വിൽപ്പന വളരെ പരിമിതമായ തോതിലേ ഉള്ളൂ.എന്നിട്ടും കമ്പനി ഡീലർമാരുടെമേൽ സമ്മർദ്ദം ചെലുത്തി സൂചിപ്പിച്ച ഉൽപ്പന്നങ്ങൾ ആവശ്യത്തിലധികം എടുപ്പിക്കുകയും അങ്ങനെ ചെയ്യാത്ത ഡീലർമാരുടെ ലോഡ് ബ്ലോക്ക് ചെയ്യുകയുമാണ്.കൂടാതെ വലിയ തോതിൽ ലൂബ്രിക്കൻ്റ് ഓയിലുകൾ,
കമ്പനി തന്നെ ടാർഗെറ്റ് സെറ്റ് ചെയ്ത് പമ്പുകളിൽ ഡമ്പ് ചെയ്യുന്ന പ്രവണതയും അനുവർത്തിച്ചു വരുന്നുണ്ട്.ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ മേൽപ്പറഞ്ഞ നടപടികൾ ഡീലർമാരുടെ സാമ്പത്തിക ശേഷിയിൽ വലിയ ആഘാതമേൽപ്പിക്കുകയും ദൈനംദിന വരവിനെ അപേഷിച്ച് ചിലവ് വർദ്ധിക്കുന്ന തരത്തിലേയ്ക്ക് വന്നു ചേർന്നിരിക്കുകയുമാണ്.യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പമ്പുകൾ ആരംഭിക്കുക വഴി നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പമ്പുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവുമുണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതൊടൊപ്പമാണ് മേൽ തരത്തിലുള്ള സമീപനങ്ങളിലൂടെ കമ്പനി തങ്ങളുടെ ഡീലർമാരെ ദ്രോഹിക്കുന്നത്. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഡീലർ വിരുദ്ധ സമീപനങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അങ്ങനെയുണ്ടായില്ലെങ്കിൽ ഇൻഡ്യൻ ഓയിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കണ്ട സാഹചര്യമുണ്ടാകുമെന്നും കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.