പാലാ : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്ക് ആളെ അയക്കാതെ അട്ടിമറി നടത്തി കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ഡിസിസിയിൽ നിന്നുള്ള കർശന നിർദേശം പോലും വകവയ്ക്കാതെയാണ് മണ്ഡലം കമ്മിറ്റിയുടെ നിസ്സഹകരണം. യോഗത്തിലേക്ക് ബൂത്ത് പ്രസിഡന്റുമാരെയും ഒരു ബൂത്തിൽ നിന്ന് അഞ്ച് പ്രവർത്തകർ എന്ന നിലയിൽ 18 ബൂത്തുള്ള മണ്ഡലത്തിൽ നിന്ന് 90 പ്രവർത്തകരെയും എത്തിക്കണമെന്നായിരുന്നു നിർദ്ദേശം. ബൂത്ത് പ്രസിഡന്റുമാരും പ്രവർത്തകരും മാത്രമല്ല മണ്ഡലം പ്രസിഡണ്ട് അടക്കമുള്ള നേതാക്കൾ പോലും യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു എന്നാണ് വിവരം.
പതിറ്റാണ്ടുകളായി ‘എ’ ഗ്രൂപ്പിൻറെ കയ്യിലുള്ള പാലാ മണ്ഡലം പ്രസിഡന്റ് പദവി ഉമ്മൻചാണ്ടിയുടെ വേർപാടിനെ തുടർന്ന് എ ഗ്രൂപ്പിൽ ഉണ്ടായ ഭിന്നതകൾ മുതലെടുത്ത് ജോസഫ് വാഴക്കൻ നേതൃത്വം നല്കുന്ന ഐ ഗ്രൂപ്പ് പിടിച്ചെടുക്കുകയായിരുന്നു. പുതിയ മണ്ഡലം അധ്യക്ഷൻ പദവിയിൽ എത്തിയതിനു ശേഷം നടന്ന ആദ്യത്തെ പാർട്ടി പരിപാടിയിൽ പ്രവർത്തകർക്ക് യാത്രാസൗകര്യം ഒരുക്കാത്തതും മണ്ഡലം കമ്മിറ്റി ചേർന്ന് വേണ്ടത്ര മുന്നൊരുക്കങ്ങളും കൂടിയാലോചനകളും നടത്താതിരുന്നതും ബോധപൂർവ്വമായ നിസ്സഹകരണത്തിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരം ഒരു വിഭാഗീയ നീക്കം നടത്തുന്നതിന് പിന്നിലെ ലക്ഷ്യങ്ങൾ വ്യക്തമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ അധ്യക്ഷൻ ചുമതലയേറ്റത്തോടെ പ്രാദേശികമായുള്ള ഭിന്നതകളും രൂക്ഷമാകുകയാണ്. പുതുതായി ഉദ്ഘാടനം ചെയ്ത പാർട്ടി ഓഫീസിൽ ആദ്യം ചേർന്നത് ഗ്രൂപ്പ് യോഗമാണ് എന്ന ആക്ഷേപം നിലനിൽക്കുന്നു. മുൻ മണ്ഡലം പ്രസിഡന്റിനോടുള്ള എതിർപ്പു മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി പാർട്ടിയുടെ മണ്ഡലം തല പരിപാടികളിൽ നിന്നും പൂർണമായും വിട്ടുനിന്ന വ്യക്തിയാണ് പുതിയ മണ്ഡലം പ്രസിഡന്റ് എന്നതും ശ്രദ്ധേയമാണ്.