കോട്ടയം ചങ്ങനാശ്ശേരിയിൽ പെൺകുട്ടിയെ കടന്നുപിടിക്കുകയും തടയാൻ എത്തിയവർക്ക് നേരെ കുരുമുളക് പ്രയോഗിക്കുകയും ചെയ്ത സംഭവം:  കേസിൽ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് കുറിച്ചി ചങ്ങനാശേരി സ്വദേശികൾ 

ചങ്ങനാശ്ശേരി: മാതാപിതാക്കളോടൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്. പുരം കുഞ്ഞൻ കവല ഭാഗത്ത് ചാലുമാട്ടുതറ വീട്ടിൽ അരുൺ ദാസ് (25), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ  ബിലാൽ മജീദ് (24), ചങ്ങനാശ്ശേരി ഫാത്തിമ പൂരം കപ്പിത്താൻ പടി ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഫ്സൽ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രി 8:45 മണിയോടുകൂടി ചങ്ങനാശ്ശേരി മുൻസിപ്പൽ ആർക്കേടിന് മുൻവശം റോഡിൽ വച്ച് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ അരുൺ ദാസ് കടന്നു പിടിക്കുകയും, ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നു. തുടർന്ന് ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുകയും  അഫ്സൽ സിയാദ് നാട്ടുകാർക്ക് നേരെ പെപ്പര്‍ സ്പ്രേ അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ  ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അരുൺ ദാസിനെ ചിങ്ങവനം പോലീസ് സ്റ്റേഷനിലും, ബിലാലിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും, അഫ്സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാര്‍ , എസ്.ഐ മാരായ ജയകൃഷ്ണൻ എം, അജി. പി.എം, അനിൽകുമാർ.എം.കെ, നൗഷാദ്.കെ.എന്‍  സി.പി.ഓ മാരായ കുഞ്ചെറിയ, ചാക്കോ, അനിൽകുമാർ, ഡെന്നി ചെറിയാൻ, അനിൽ രാജ്, തോമസ് സ്റ്റാൻലി, അതുൽ മുരളി, കൃഷ്ണകുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles