കോട്ടയം : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ടി.ഡി. മാത്യു (ജോയി) തോട്ടനാനി, എൽ.ഡി.എഫിനും, കേരള കോൺഗ്രസ് എമ്മിനും ജില്ലയിലുള്ള സ്വാധീനം വിളിച്ചറിയിക്കുന്നതാണെന്ന് എൽ.ഡി.എഫ് കൺവീനറും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ പ്രഫ. ലോപ്പസ് മാത്യു പ്രസ്താവിച്ചു. കോട്ടയംപാർലമെൻ്ററ് തെരഞ്ഞെടുപ്പിനു ശേഷം, ഏറ്റുമാനൂരിലെ അതിരംപുഴയിലും പുതുപ്പള്ളിയിലെ വാകത്താനത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു കൊണ്ട് എൽ.ഡി.എഫ് നേടിയത് അഭിമാന വിജയങ്ങളാണ്.എൽ.ഡി.എഫിനെതിരെയും, കേരള കോൺഗ്രസിനെതിരെയും ചില കേന്ദ്രങ്ങൾ തുടർച്ചയായി അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ നേടിയ വിജയങ്ങളാണ് ഇവ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയ ബൂത്തുകളാണ് ഇവയെല്ലാം. കോട്ടയം ജില്ലയിൽ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് വിജയിക്കുവാനായി. പുതുപ്പള്ളി മണ്ഡലത്തിലെ ചെങ്ങളം സർവ്വീസ് സഹകരണ ബാങ്ക് കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. നാടിൻ്റെ വികസന പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന യു.ഡി.എഫ് നയങ്ങൾക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായിരിക്കുന്നെതെന്നും ലോപ്പസ് മാത്യു പറഞ്ഞു.