തിരുവനന്തപുരം: ജീവിതച്ചെലവ് ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ വൈദ്യുതി നിരക്കിലും വെള്ളക്കരത്തിലും വരുത്തിയിട്ടുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള തീരുമാനം ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. വൈദ്യുതി നിരക്ക് യൂനിറ്റിന് 12 പൈസ വര്‍ധിപ്പിക്കുന്നതോടൊപ്പം ഫിക്‌സഡ് ചാര്‍ജും 5 മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധിക്കുന്നത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ മുതലുള്ള വൈദ്യുതി ബില്‍ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറും. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള വെള്ളക്കരം അഞ്ച് ശതമാനം വര്‍ധനയും ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. നിലവിലെ വിലക്കയറ്റം ഉള്‍പ്പെടെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാനും വെള്ളക്കരം വര്‍ധന ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ധന:സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമില്ലെന്ന് തെളിയിക്കുന്നു- കെ കെ അബ്ദുല്‍ ജബ്ബാര്‍
