കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷനായിരുന്ന കെ. എം. മാണി സാറിന്റെ ആറാം ചരമവാർഷിക ദിനം ഏപ്രിൽ മാസം ഒമ്പതാം തീയതി കോട്ടയത്ത് തിരുനക്കര മൈതാനത്ത് വച്ച് സമുചിതമായി ആചരിക്കപ്പെടുകയാണ്. ഉത്തമനായ ഭരണാധികാരി എന്ന നിലയിലും, കേരള രാഷ്ട്രീയത്തിലെ നിർണായക തീരുമാനങ്ങൾക്ക് നെടുനായകത്വം വഹിച്ച പക്വതയാർന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും, സർവോപരി ഒരു തികഞ്ഞ പൊതുപ്രവർത്തകൻ എന്ന നിലയിലും, ജാതി-മത-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി സാധാരണ മനുഷ്യരുടെ പ്രത്യേകിച്ച് കർഷക ജന സാമാന്യത്തിന്റെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു കെ. എം. മാണിസാർ എന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. ഏപ്രിൽ ഒമ്പതാം തീയതി ബുധനാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ തിരുനക്കര മൈതാനത്ത് മാണി സാറിന് അശ്രുപൂജ അർപ്പിക്കാൻ ആയിരങ്ങൾ കടന്നെത്തും.
കെ.എം. മാണി സാറിന്റെ രാഷ്ട്രീയ തട്ടകമായിരുന്ന കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലെയും, 6 മുൻസിപ്പാലിറ്റികളിലെയും കേരള കോൺഗ്രസ് (എം) നേതാക്കന്മാർ, പാർട്ടി വാർഡ് പ്രസിഡന്റുമാരുടെയും, ത്രിതല ജന പ്രതിനിധികളുടെയും നേതൃത്വത്തിൽ തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ വന്ന് അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തും. അന്നേദിവസം തിരുനക്കര വേദിയിൽ കെ.എം. മാണി സാറിന്റെ രാഷ്ട്രീയ, ഭരണ, സാമൂഹ്യ പങ്കാളിത്തത്തിൽ ഉണ്ടായ കാര്യങ്ങൾ പ്രദർശിപ്പിക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക ഏടുകളും പ്രദർശിപ്പിക്കുമെന്ന് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പുഷ്പാർച്ചന നടത്തി ആരംഭിക്കുന്ന ചരമവാർഷിക ദിന ആചരണത്തിൽ, കോട്ടയത്ത് രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവരും പങ്കാളികളാവും.