ദിശ സാലിയന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം : പ്രതികരണവുമായി ശിവസേന നേതാവ് ആദിത്യ താക്കറെ

മുംബൈ: ആത്മഹത്യചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മാനേജർ ദിശ സാലിയന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അവരുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. തന്നെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

Advertisements

വിഷയം കോടതിയില്‍ എത്തട്ടെ. നിയമപരമായി നേരിടും. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ അഞ്ച് വർഷമായി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദിശയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ച നടപടി രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രാ മുൻമന്ത്രി കൂടിയായ ആദിത്യ താക്കറെയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020-ലാണ് മുംബൈയിലെ ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് ദിശ മരിക്കുന്നത്. സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സുശാന്ത് സിങ് രജ്പുത്തിനെ സ്വന്തം അപ്പാർട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിശയുടെ പിതാവ് സതീഷ് സാലിയൻ ഒരു ടെലിവിഷൻ അഭിമുഖത്തില്‍ നടത്തിയ പരാമർശങ്ങളാണ് സംഭവം വീണ്ടും മാധ്യമ ശ്രദ്ധയിലെത്തിച്ചത്. പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുംബൈ ഹൈക്കോടതിയെ സമീപിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ കൂടിയായ ആദിത്യ താക്കറെയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ദിശയുടെ പിതാവിന്റെ ആവശ്യം എന്നാണ് പുറത്തുവരുന്ന വിവരം. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കാൻ അഭിഭാഷകർ തയ്യാറായിട്ടില്ല.

വിവാദങ്ങളില്‍ പ്രതികരിച്ച്‌ ശിവസേനാ (യുബിടി) രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെടുന്ന സമയത്തില്‍ സംശയം പ്രകടിപ്പിച്ച അവർ നാഗ്പുരില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും ആരോപിച്ചു.

‘ഹർജിയിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ അതിന് കണ്ടെത്തിയ സമയം പ്രധാനപ്പെട്ടതാണ്. ഹർജിക്കാരന്റെ പിന്നില്‍ മറ്റേതോ ശക്തികളുണ്ടെന്ന് സംശയമുയരുന്നു. ദിശ സാലയൻ കേസ് കുത്തിപ്പൊക്കി ‘ഔറംഗസേബ്’ വിഷയത്തില്‍നിന്നും നാഗ്പൂരില്‍ നടന്ന അക്രമ സംഭവങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്’- പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. അതിനിടെ യുവ നേതാവായ ആദിത്യ താക്കറെയെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തെ സമ്മർദത്തിലാക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് ശിവസേന (യുബിടി) നേതാവ് അംബാദാസ് ഡാൻവെ ആരോപിച്ചു. ദിശയുടെ മരണം സംശയം ഉയർത്തുന്നതാണെന്നും, ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരെ ജയിലില്‍ അടയ്ക്കുമെന്നും മഹാരാഷ്ട്രാ മന്ത്രി സഞ്ജയ് ശിർസാത്ത് പ്രതികരിച്ചു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് അഭ്യന്തര സഹമന്ത്രി യോഗേഷ് കദമും പ്രതികരിച്ചു.

Hot Topics

Related Articles