കോട്ടയം : തകർന്ന് വീഴാറായ കോട്ടയം നഗരസഭ തിരുനക്കരയിലെ ഷോപ്പിങ് കോംപ്ളക്സിലെ കോൺക്രീറ്റ് പാളി അടർന്ന് വീണ് യുവാവ് ദാരുണമായി മരിച്ചിട്ടും , ഷോപ്പിങ്ങ് കോംപ്ളക്സിനടിയിലൂടെ സ്വകാര്യ ബസുകൾ നൂറുകണക്കിന് യാത്രക്കാരുമായി നിർബാധം സർവീസ് നടത്തുന്നു. ഷോപ്പിംങ് കോംപ്ലക്സിനുള്ളിലെ ബസ് സ്റ്റാൻഡിലൂടെ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് കയറിയിറങ്ങി പോകുന്നത്. ബലക്ഷയം എന്ന് കണ്ടെത്തുകയും, പൊളിഞ്ഞു വീഴുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്ത ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് നൂറുകണക്കിന് ആളുകളുടെ ജീവൻ തുലാസിലാക്കി ഇപ്പോഴും ബസുകൾ കയറിയിങ്ങുന്നത്.
കോട്ടയം ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. കോട്ടയം നഗരസഭയുടെ തിരുനക്കര ഷോപ്പിംങ് കോംപ്ലക്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന രാജധാനി ഹോട്ടൽ കെട്ടിടത്തിൽ നിന്നും അടർന്നു വീണ കോൺക്രീറ്റ് ബീം തലയിൽ വീണാണ് ജിനോ മരിച്ചത്. ഈ കെട്ടിടത്തിലെ ബീമുകൾ പലതും ഇപ്പോഴും അടർന്നു വീഴാവുന്ന അവസ്ഥയിലാണ്. ഇതിനിടെയാണ് ഇപ്പോഴും സ്വകാര്യ ബസുകൾ സ്റ്റാൻഡിനുള്ളിലൂടെ യാത്രക്കാരെയുമായി കയറിയിറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാസങ്ങൾക്ക് മുൻപ് തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി ഈ കെട്ടിടത്തിൽ നിന്നും കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചിരുന്നു. നൂറുകണക്കിന് കടക്കാരെയാണ് ബലക്ഷയം ചൂണ്ടിക്കാട്ടി നഗരസഭ ഒഴിപ്പിച്ചത്. എന്നാൽ, ഈ ബലക്ഷയം ഉണ്ടെന്നു കണ്ടെത്തിയ സ്റ്റാൻഡിനുള്ളിൽ നൂറുകണക്കനു ബസുകൾ കയറിയിറങ്ങുന്നതിനെതിരെ ഒരു സംഘടനകൾ പോലും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുമില്ല. ഈ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ പല ഭാഗവും വിണ്ടു കീറിയും പൊട്ടിക്കീറിയും ഇരിക്കുകയാണ്. പലയിടത്തും കമ്പി പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യാത്രക്കാരെ ഭീതിയിലാക്കി ബസുകൾ കയറിയിറങ്ങുന്നത്.