കോട്ടയം: ഗാന്ധി നഗറിലെ ഗവണ്‍മെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയ കൊടും ക്രിമിനലുകളായ വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കുകയും സംഭവത്തിന് ഒത്താശ ചെയ്ത കോളജ് അധികൃതരെ പ്രതി ചേർത്ത് കേസെടുക്കുകയും വേണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് 1998 ൽ പാസ്സാക്കിയ നിയമം കർശനമായി നടപ്പാക്കാത്തതാണ് ജൂനിയർ വിദ്യാർത്ഥികൾക്കുമേൽ സീനിയർ വിദ്യാർത്ഥികൾ നടത്തുന്ന ഇത്തരം മനോവൈകൃതങ്ങൾ വർധിക്കാൻ ഇടയാക്കിയതെന്നും ജിസ്മോൻ കുറ്റപ്പെടുത്തി. സീനിയർ വിദ്യാർത്ഥികളുടെ അതിക്രമങ്ങളെ കുറിച്ച് മൂന്ന് മാസം മുമ്പ് ചില വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും പരാതി അവഗണിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചത്. അതുകൊണ്ട് ക്രൂര കൃത്യം ചെയ്യുന്നതിനുള്ള ഒത്താശ ചെയ്ത കോളജ് അധികൃതർക്കെതിരെ കേസെടുക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില വിദ്യാർത്ഥി സംഘടനകൾ അക്രമരാഷ്ട്രീയത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും അപ്രമാദിത്വം പുലർത്തുകയും ചെയ്യുന്ന ക്യാമ്പസുകളിൽ അത്തരം വിദ്യാർത്ഥി സംഘടനകളുടെ ലേബലിൽ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരാജകത്വം സൃഷ്ടിച്ച് കൊണ്ട് പ്രതിലോമ ആശയങ്ങൾക്ക് വേരൂന്നാനുള്ള കവാടങ്ങൾ തുറന്നുകൊടുക്കുന്ന ശക്തികൾക്കെതിരെ
എഐവൈഎഫും എഐവൈഎഫും ശക്തമായ പ്രതിരോധം തീർക്കുമെന്ന്, ഗാന്ധിനഗർ നേഴ്സിംഗ് കോളജിലേക്ക് എഐവൈഎഫ് -എഐഎസ്എഫ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട്
ടി ടി ജിസ്മോൻ പ്രഖ്യാപിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കുമാർ സമരത്തിന് അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, ജില്ലാ സെക്രട്ടറി അഖിൽ കെ യു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.ബിനു ബോസ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാജേഷ്, അജിത്ത് വാഴൂർ, മണ്ഡലം സെക്രട്ടറി ഷാജോ കുടമാളൂർ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീലക്ഷ്മി അജി തുടങ്ങിയവർ സംസാരിച്ചു.
………………
ഫോട്ടോ ക്യാപ്ഷൻ: കോട്ടയത്ത് ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിനെതിരെ എഐഎസ്എഫ്-എഐവൈഎഫ് നേതൃത്വത്തില്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യുന്നു.