കാഞ്ഞിരപ്പള്ളി : ശബരിമല സീസണിൻ്റെ മറവിൽ വിതരണം ചെയ്യാൻ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. മണിമല തേക്കനാൽ വീട്ടിൽ ബോബിൻ ജോസ് ( 32 ) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 1.500 കിലോ കഞ്ചാവും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും വലിക്കാൻ ഉപയോഗിക്കുന്ന ഒൻപത് പാക്കറ്റ് ഒ.സി ബി പേപ്പറുകളും പിടിച്ചെടുത്തു. മൂന്ന് ഗ്രാം കഞ്ചാവിന് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നത്. ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് പ്രധാനമായും സൂക്ഷിച്ചിരുന്നത്. രണ്ടര കിലോ പാക്കറ്റിൽ വന്ന കഞ്ചാവ് വാടകയ്ക്ക് എടുത്ത വീട്ടിൽ സൂക്ഷിച്ച് രഹസ്യമായി പാക്ക് ചെയ്ത് വിൽപ്പനയ്ക്കായി മറ്റുള്ളവരെ ഏൽപ്പിക്കുന്നതാണ് രീതി.
കൂട്ടാളികളെ കുറിച്ച് അന്വേഷിച്ചു വരുന്നു. ഓൺലൈൻ പണമിടപാട് വഴിയാണ് കച്ചവടം നടത്തി വന്നത്. ഇൻസ്റ്റ് ഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കി അതു വഴിയും വിപണനം നടത്തി വന്നതായി ചോദ്യം ചെയ്യലിൽ പറഞ്ഞു. മണിമല ഭാഗത്ത് വിതരണത്തിനായി കഞ്ചാവ് എത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടീമും ഐ.ബിയും നിരന്തര നിരീക്ഷണത്തിൽ ആയിരുന്നു. രാത്രിയിലും കച്ചവടം നീണ്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനായി എരുമേലി റെയിഞ്ച് ഓഫീപിൽ ഹാജരാക്കി. പരിശോധനയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ സിവിൽ എക്സൈസ് ഓഫീസർ അഖിൽ. എസ്. ശേവർ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രതീഷ്. പി.ആർ. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ എം.പി. , റജികൃഷ്ണൻ എന്നിവർ പങ്കെടുത്തു.