കോട്ടയം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സെപ്റ്റംബർ 14 വരെ ജില്ലയുടെ വിവിധഭാഗങ്ങളിൽ 157 ഓണച്ചന്തകൾ സംഘടിപ്പിക്കും. കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളിൽനിന്നും, സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വ്യത്യസ്ത ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, ശർക്കര വരട്ടി, ഉപ്പേരി, പായസം, പുളിയിഞ്ചി, കാളൻ, തദ്ദേശീയ ഭക്ഷ്യ ഉൽപന്നങ്ങൾ, അച്ചാറുകൾ, കാർഷിക ഉൽപങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധതരം ബാഗുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സോപ്പ്- സോപ്പുൽപന്നങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവ ലഭ്യമാക്കും.
ഓരോ അയൽക്കൂട്ടത്തിൽനിന്നും കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും സി.ഡി.എസ്. തല വിപണനമേളകളിൽ ലഭ്യമാക്കി, എല്ലാ സംരംഭ, ഉപജീവന ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കി ഓരോ സി.ഡി.എസ് പരിധിയിലും രണ്ട് ഓണവിപണനമേളകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ജില്ലയിലെ അയ്യായിരത്തോളം സംരംഭ യൂണിറ്റുകൾക്കു വരുമാനം ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ജെ.എൽ.ജി കൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ, അത്തപൂക്കളത്തിനാവശ്യമായ വിവിധ തരം പൂക്കൾ എന്നിവയും ലഭ്യമാക്കും. ഓണച്ചന്തകൾ സംഘടിപ്പിക്കാൻ സി.ഡി.എസുകൾക്ക് 20,000/- രൂപ ജില്ലാ മിഷൻ നൽകും.