കോട്ടയം : കോട്ടയം കാരിത്താസിൽ പൊലീസുകാരനെ തൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആദ്യം ആക്രമിച്ചത് സ്വന്തം പിതാവിനെ. സിംഗപ്പൂരിൽ പഠനത്തിനും ജോലിയ്ക്കും ആയി പോയ പ്രതി , അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് തിരികെ കയറ്റി വിടുകയായിരുന്നു. ഇതിനുശേഷമാണ് നാട്ടിലെത്തുകയും ലഹരി മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സജീവമാകുകയും ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെയാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) കാരിത്താസിന് സമീപം ചവിട്ടേറ്റ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജോർജിൻ്റെ മകൻ ജിബിൻ ജോർജ് (27) സ്ഥിരം ക്രിമിനൽ ആണെന്നാണ് പോലീസ് പറയുന്നത്. പ്ലസ് ടുവിന് ശേഷം സിംഗപ്പൂരിലേക്ക് പഠനത്തിനായാണ് ജിബിനെ ബന്ധുക്കൾ അയച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , ഇവിടെ എത്തിയ ശേഷം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ നാട്ടിലേയ്ക്ക് തിരികെ അയക്കുകയായിരുന്നു. നാട്ടിൽ തിരികെ എത്തിയശേഷം ഇയാൾ ലഹരി മാഫിയ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എം ജി സർവകലാശാലയിലെ റിട്ട. ജീവനക്കാരനായിരുന്നു ജിബിൻ്റെ പിതാവ്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനായി ജിബിൻ പിതാവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത്ര തുടർന്ന് തർക്കമുണ്ടാകുകയും ജിബിൻ പിതാവിനെ തൊഴിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.
രണ്ടുവർഷം മുമ്പ് കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ജിബിൻ ക്ഷേത്ര ഭാരവാഹിയുടെ തല വിളക്ക് ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചിരുന്നു. ഇത് അടക്കം മൂന്ന് കേസുകളാണ് നിലവിൽ ജിബിൻ എതിരെ ഗാന്ധിനഗർ പോലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക കൂടി ചെയ്തതോടെ ഇയാൾക്കെതിരെ ഇനി കാപ്പ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും.