കോട്ടയം: കോട്ടയത്തെ വിവിധ സഹകരണ ബാങ്കുകളുടെ എടിഎമ്മിൽ നിന്നും എടിഎം കാർഡ് ഉപയോഗിച്ച് 59.46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ഇതരസംസ്ഥാനക്കാർക്ക് ജാമ്യം. ഉത്തർപ്രദേശ് സ്വദേശികളായ റാഷിദ് ഷേക്ക്, സന്ദീപ് കുമാർ തിവാരി എന്നിവർക്കാണ് ചങ്ങനാശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ കോട്ടയം വെസ്റ്റ് ചിങ്ങവനം എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികൾക്ക് ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എൻ.ഷെർളിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോട്ടയം അർബൻ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും കാനറാ ബാങ്ക്, ആക്‌സിസ് ബാങ്ക്് , ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളുടെ എടിഎം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ യുപിയിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എൻപിസിടി പോർട്ടലിൽ പരാതി ലഭിച്ചു എങ്കിൽ 15 ദിവസത്തിനുള്ളിൽ സഹകരണ ബാങ്ക് അത് പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം സഹകരണ ബാങ്ക് നഷ്ടം നികത്തണമെന്നുമാണ് ചട്ടമെന്ന് പ്രതിഭാഗത്തിന് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി വാദിച്ചു. 2023 ഏഴാം മാസം സംഭവിച്ച കാര്യങ്ങളിൽ 2024 ൽ മാത്രമാണ് ബാങ്ക് പരാതി നൽകിയത്. പ്രഥമ വിവരറിപ്പോർട്ടിലെ മൊഴിയും, ബാങ്ക് സ്‌റ്റേറ്റ്‌മെന്റിലെ സമയവും തമ്മിലും വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രതികൾക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.നെവിൻ , അഡ്വ.മീര, അഡ്വ.ലക്ഷ്മി, അഡ്വ.സ്‌നേഹ എന്നിവർ കോടതിയിൽ ഹാജരായി.