കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബിജെപി നേതാവ് പൊലീസ് പിടിയിൽ. ബിജെപി വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മേവെള്ളൂർ ഓലിക്കരയിൽ എസ് മനോജ് കുമാർ(49) ആണ് പൊലീസ് പിടിയിലായത്. കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് 2023 ഓഗസ്റ്റിൽ 48 ഗ്രാം വരുന്ന ആറ് വളകൾ പണയം വെച്ച് 185000 രൂപയും, 2023 നവംബറിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ പണയം വെച്ച് 63000 രൂപയും എടുത്തു. രണ്ട് തവണയായി 8 പവന്റെ മുക്കുപണ്ടം വെച്ച് നടത്തിയ തട്ടിപ്പിൽ 248000 രൂപയാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ബാങ്കിന് പലിശയടക്കം 269665 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വാർത്ത പുറത്ത് വന്നതോടെ മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് നേരെ ട്രോൾ മഴയാണ്.
സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സ്വർണ കിരീടവും സ്വർണ കൊന്തയും നൽകിയ ചിത്രത്തോടൊപ്പം ഇയാൾ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. ”ഇനി ഇതും സ്വർണം പൂശിയതാണെന്ന് പറയല്ലേ..” എന്ന തലക്കെട്ടോടെയാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്. നിരവധിയാളുകളാണ് ഇപ്പോൾ ശരിക്കും സ്വർണം പൂശിയല്ലോ എന്ന കമന്റുമായി എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്കിന്റെ പഴയ അപ്രൈസർക്ക് പകരം എത്തിയ പുതിയ അപ്രൈസർ കഴിഞ്ഞ ദിവസം ബാങ്കിലെ സ്വർണം പരിശോധിക്കുന്നതിനിടെ മനോജ് പണയംവച്ച സ്വർണ്ണം മുക്ക്പണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ബാങ്കിന്റെ സെക്രട്ടറിയുടെ പരാതിയിൽ വെള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ള ഇയാൾ സമാനമായ തട്ടിപ്പുകൾ വേറെയും നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.