കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിലും നിർമ്മാണത്തിൽ ഇരുന്ന വീട്ടിലും കടയിലും മോഷണം. കൊപ്രത്ത് ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഓഫീസിനുള്ളിൽ കടന്ന മോഷ്ടാവ് ഓഫീസിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8000 രൂപ കവർന്നു. ക്ഷേത്രത്തിലെ കാണിക്ക വഞ്ചി അടക്കം തകർത്ത എങ്കിലും പണം നഷ്ടമായിട്ടില്ല. കാണിക്ക വഞ്ചിയിലെ പണം കഴിഞ്ഞദിവസം അധികൃതർ തിട്ടപ്പെടുത്തി എടുത്തിരുന്നു. ഇതിനാലാണ് പണം നഷ്ടമാകാതിരുന്നത്. ഇതുകൂടാതെ മുട്ടബലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ കയറിയ മോഷ്ടാവ് ഇവിടെ നിന്നും ജ്യൂസ് അടക്കമുള്ള സാധനങ്ങളും കവർന്നിട്ടുണ്ട്. സമീപത്ത് നിർമ്മാണത്തിൽ ഇരുന്ന വീട്ടിൽ കയറിയ മോഷ്ടാവ് , ഇവിടെ സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു. വയറിങ്ങിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് ഇവിടെനിന്ന് മോഷണം പോയത്. മുട്ടമ്പലം കൊപ്രത്ത് തേരേട്ടുമറ്റം ജിനി പ്രകാശിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.