കോട്ടയം: എന്തു കൊണ്ട് കെ.എസ്.ആർ.ടി.സി നന്നാകുന്നില്ലെന്നും, ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നുമുള്ള ചോദ്യത്തിനുള്ള ഉത്തരം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ തന്നെയുണ്ട്. രണ്ട് ദിവസമായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ മുന്നിലെ റോഡിൽ കിടക്കുകയാണ് ഒരു കെ.എസ്.ആർ.ടി.സി ബസ്. സ്റ്റാൻഡിൽ നിന്നും സർവീസിനായി ഇറങ്ങിയപ്പോൾ ബ്രേക്ക് ഡൗൺ ആയ ബസാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. എന്നാൽ, ഈ ബസ് സ്റ്റാൻഡിനുള്ളിലേയ്ക്കു മാറ്റിയിടാൻ പോലും അധികൃതർക്ക് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. റോഡിന്റെ ഒരു വശത്തായി ബസ് കിടക്കുന്നത് മൂലം എംസി റോഡിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ ബസ് കിടക്കുന്നത്. നിരവധി പൊലീസ് വാഹനങ്ങൾ ഈ വഴിയിലൂടെ കടന്നു പോയിട്ടും ഒരു പൊലീസ് വാഹനം പോലും ഈ ബസ് മാറ്റാൻ വേണ്ട നിർദേശം നൽകിയിട്ടില്ല.കഴിഞ്ഞ ദിവസം കോട്ടയം പ്രസ്ക്ലബിന്റെ മതിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തകർത്തിരുന്നു. ഇതിനു സമീപത്ത് തന്നെയായാണ് ഈ ബസും ബ്രേക്ക് ഡൗൺ ആയി കിടക്കുന്നത്. ബസ് സ്റ്റാൻഡിനുള്ളിലേയ്ക്കു മാറ്റിയിടാനോ, വേണ്ട അറ്റകുറ്റപണി നടത്തി സർവീസിനിറക്കാനോ ഇനിയും കെ.എസ്.ആർ.ടി.സി അധികൃതർക്ക് സാധിച്ചിട്ടില്ല. മന്ത്രി മാറിയിട്ടു കാര്യമില്ല. ഇത്തരത്തിലുള്ള ജീവനക്കാരുടെ മനോഭാവമാണ് മാറേണ്ടത്…!