കോട്ടയം: കള്ളന്മാർക്ക് കക്കാനും മോഷ്ടിക്കാനും കട്ട് പുട്ടടിക്കാനും ആവശ്യത്തിലധികം പണമുള്ള കോട്ടയം നഗരസഭയിൽ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാൻ പണമില്ല. സാധാരണക്കാരായ കണ്ടിജെന്റ് ജീവനക്കാർക്കും ശുചീകരണത്തൊഴിലാളികൾക്കും നൽകാനാണ് നഗരസഭയിൽ പണമില്ലാത്തത്. ശമ്പളം നൽകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ ഒരു വിഭാഗം ജീവനക്കാർ നഗരസഭ സെക്രട്ടറിയുടെ ഓഫിസിനു മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. ഇതേ സമയം തന്നെ കോട്ടയം നഗരസഭയിലെ പെൻഷനും മുടങ്ങിയിട്ടുണ്ട്. ഓണത്തിന് മുൻപ് സർവീസ് പെൻഷൻ നൽകാനാവുമോ എന്ന കാര്യത്തിലും സംശയം ഉണ്ട്്. പെൻഷൻ ഫണ്ട് തട്ടിപ്പ് നടത്തിയ അഖിൽ സി.വർഗീസിനായി അന്വേഷണം നടക്കുന്നതിനാൽ നഗരസഭയിലെ പെൻഷൻ രേഖകളെല്ലാം ക്രൈംബ്രാഞ്ചിന്റെയും നഗരസഭ ഓഡിറ്റ് വിഭാഗത്തിന്റെയും കയ്യിലാണ്. ഈ സാഹചര്യത്തിലാണ് നഗരസസഭയിൽ നിന്നുള്ള പെൻഷൻ വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്തായാലും കള്ളൻ കട്ടുകൊണ്ടു പോയ മൂന്നരക്കോടി മൂലം സാധാരണക്കാരായ ആളുകളാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.