കോട്ടയം : കോട്ടയം നഗരമധ്യത്തിൽ സ്ത്രീകളെ അസഭ്യം പറയുകയും വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുകയും , തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോട്ടയം നഗര മധ്യത്തിൽ മനോരമ ജംഗ്ഷനിൽ വ്യാഴാഴ്ച ഉച്ചയോടെ കൂടിയായിരുന്നു അക്രമ സംഭവങ്ങൾ. അക്രമവുമായി ബന്ധപ്പെട്ടു കുമാരനെല്ലൂർ സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്ന് പോലീസ് പറഞ്ഞു.
മനോരമ ജംഗ്ഷനിൽ ആയിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. വഴിയാത്രക്കാരായ സ്ത്രീകളെ അസഭ്യം പറയുകയും, മറ്റു യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി പോലീസ് കൺട്രോൾ റൂമിൽ പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തിയത്. ഇതോടെയാണ് അസ്വാഭാവികമായ രീതിയിൽ പെരുമാറുന്ന യുവാവിനെ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പോലീസ് സംഘം ഇയാളെ പിന്തുടരുകയായിരുന്നു. മനോരമ ജംഗ്ഷനിൽ നിന്നും ചന്തയിലേക്ക് നടന്ന ഇയാൾ, വഴിയിലൂടെ എത്തിയ ആളുകളെ ഭയപ്പെടുത്താനും ശ്രമിച്ചു. ഇതിനിടെ ഇയാളെ ചോദ്യം ചെയ്യാൻ അടുത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ബലംപ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധന അടക്കം പൂർത്തിയാക്കിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു.