കോട്ടയം: മൂലവട്ടത്ത് ഉമ്മൻചാണ്ടിയുടെ പേരിൽ തമ്മിലടിച്ച് കോൺഗ്രസ്. കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ പേരിലും ഷീനാ കോൺഗ്രസിന്റെ പേരിലുമാണ് മൂലവട്ടം ദിവാൻകവലയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചത്. 31 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് പ്രസിഡന്റ് മധു നെല്ലിപ്പുഴയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് വാർഡിലെ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തത്. ദിവാൻകവലയിൽ ഉമ്മൻചാണ്ടിയുടെ ചിത്രം വച്ച് ഇതിൽ പുഷ്പാർച്ചന നടത്തിയാണ് കോൺഗ്രസ് വാർഡ് കമ്മിറ്റി പരിപാടികൾ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ കൂടിയായ ഷീനാ ബിനുവിന്റെ നേതൃത്വത്തിലാണ് ഇതേ സ്ഥലത്തിന് സമീപം തന്നെ മറ്റൊരു പരിപാടി സംഘടിപ്പിച്ചത്. നാട്ടുകാർ കളിയാക്കി ഷീനാ കോൺഗ്രസ് എന്നു വിളിക്കുന്ന പരിപാടിയിൽ പങ്കെടുത്തതാകട്ടെ മറിയപ്പള്ളി, മുട്ടം, പാക്കിൽ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. 31 വാർഡിൽ കോൺഗ്രസിനുള്ളിൽ കൗൺസിലർ ഷീനാ ബിനുവിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്. വാർഡ് കമ്മിറ്റിയിൽ അടക്കം ഷീനാ ബിനു പിടിമുറുക്കുന്നതായും, പരമ്പരാഗത കോൺഗ്രസുകാരെ അവഗണിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കോൺഗ്രസിൽ എത്തിയ ഷീനാ ബിനു നടത്തുന്ന അമിതാധികാര പ്രവണ മൂലം പല പ്രവർത്തകരും കോൺഗ്രസ് പാർട്ടി വിട്ടതായും വാർഡ് കമ്മിറ്റി ആരോപിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇപ്പോൾ രണ്ടായി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചത്.