കോട്ടയം: ശുചീകരണ തൊഴിലാളികളുടെ ഓണംമുടക്കി കോട്ടയം നഗരസഭ. നഗരസഭ അധികൃതരുടെ കെടുകാര്യസ്ഥത മൂലം മൂന്നു കോടി രൂപ നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപാണ് കോട്ടയം നഗരസഭയിലെ സാധാരണക്കാരായ 200 ഓളം ശുചീകരണ തൊഴിലാളികളുടെ ഓണം നഗരസഭ അധികൃതർ കുളമാക്കിയിരിക്കുന്നത്. ഈ തൊഴിലാളികൾക്ക് ഇതുവരെയും ഓണം അഡ്വാൻസോ, ഓണം അലവൻസോ മുൻകൂർ ശമ്പളമോ നൽകാൻ കോട്ടയം നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് ഒപ്പിടാതെ നഗരസഭ സെക്രട്ടറി പോയതാണ് ഇവരുടെ ഓണം ദുരിതത്തിലാകാൻ കാരണമെന്നാണ് ആരോപണം. എന്നാൽ, നഗരസഭ സെക്രട്ടറിയെ നിയന്ത്രിക്കേണ്ട കോട്ടയം നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് ഇപ്പോൾ ഇത്തരത്തിൽ ജീവനക്കാരുടെ ഓണ ആനുകൂല്യം മുടങ്ങാൻ കാരണമെന്ന ആരോപണമാണ് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ഉയർത്തുന്നത്.
ശമ്പളവും, ഓണ അഡ്വാൻസും അടക്കമുള്ള ആനൂകൂല്യങ്ങൾ മുടങ്ങിയ ജീവനക്കാർ ഐഎൻടിയുസി നേതൃത്വത്തിൽ ഇന്ന് കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരുടെ പ്രതിഷേധ സമരത്തിന് നഗരസഭ അംഗം എം.എ ഷാജി, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, നന്തിയോട് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പിന് നേതൃത്വം നൽകിയ ക്ലർക്ക് അഖിൽ സി.വർഗീസ് ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഖിൽ സി.വർഗീസ് കോട്ടയം നഗരസഭയിൽ നിന്നും നാലു വർഷം കൊണ്ട് 2.36 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, അഖിലിനെ പിടികൂടാൻ പൊലീസിനോ, അഖിൽ തട്ടിപ്പ് നടത്തിയ രീതി കണ്ടെത്താൻ കോട്ടയം നഗരസഭയ്‌ക്കോ ഇനിയും കഴിഞ്ഞിട്ടില്ല. ഇയാൾ രണ്ടു വർഷത്തോളം നടത്തിയ തട്ടിപ്പിന്റെ രേഖകൾ പോലും കോട്ടയം നഗരസഭയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നഗരസഭയിലെ സാധാരണക്കാരായ ജീവനക്കാരുടെ പെൻഷനും ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.