വൈക്കം: വീടിനു തീപിടിച്ചു തനിച്ചു താമസിച്ചിരുന്ന മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം. വെച്ചൂർ ഇടയാഴം കൊല്ലംന്താനം മേരി (79) യാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി10.30ഓടെയാണ് സംഭവം. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് വാർഡ് മെമ്പർ എൻ. സഞ്ജയന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി വളരെ പണിപ്പെട്ട് തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി കാഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക്, കടലാസ്, ചപ്പുചവറുകൾ, തേങ്ങകൾ തുടങ്ങിയവ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ പൊടുന്നനെ പടരുകയായിരുന്നു.
വൈദ്യുതിയും പാചക വാതക സിലിണ്ടറും ഇല്ലാതിരുന്ന വീട്ടിൽ രാത്രി വെളിച്ചത്തിന് വയോധികമെഴുകുതിരി കത്തിച്ചു വയ്ക്കുകയായിരുന്നു പതിവെന്ന് നാട്ടുകാർ പറയുന്നു. ഉറക്കത്തിനിടയിൽ കാലു തട്ടിയോ മറ്റോ മെഴുകുതിരി മറിഞ്ഞു വീണ് വീടിനുതീ പിടിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും വയോധിക സൂക്ഷിച്ചിരുന്ന പണവുമടക്കം കത്തിനശിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് കേസെടുത്തു.