കോട്ടയം : നഗര മധ്യത്തിൽ സ്വകാര്യ ഹോട്ടലുകളുടെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് മോഷ്ടിക്കാൻ ശ്രമം. ഹോട്ടലിലെ തന്നെ ജീവനക്കാരന്റെ ബൈക്ക് ആണ് കഴിഞ്ഞദിവസം രാത്രിയിലെത്തിയ അജ്ഞാത യുവാവ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആന്റി തെഫ്റ്റ് സംവിധാനം ഘടിപ്പിച്ചിരുന്നതിനാൽ മോഷണം തടസ്സപ്പെട്ടു.
തിങ്കളാഴ്ച രാത്രി 8:30 യോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു മോഷണശ്രമം. ഹോട്ടലിന്റെ ജീവനക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഇവിടെ അതിക്രമിച്ചു കയറിയ പ്രതി , ബൈക്കിന്റെ ഫ്യൂസ് തകർത്ത് മോഷണത്തിന് ശ്രമിക്കുകയായിരുന്നു. മോഷണത്തിന്റെ ആദ്യ ശ്രമത്തിൽ തന്നെ ആന്റി തെഫ്റ്റ് സംവിധാനം പ്രവർത്തിച്ച് ബൈക്ക് സ്റ്റാർട്ടാകാതെ ആയി. ഇതറിയാതെ പ്രതി വീണ്ടും ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ മോഷണത്തിനായി ശ്രമം നടത്തുമ്പോൾ , ഇതറിയാതെ അടുത്തെത്തിയ മറ്റൊരു ജീവനക്കാരൻ കാര്യങ്ങൾ തിരക്കിയിരുന്നു. പുതുതായി എത്തിയ ജീവനക്കാരൻ ആയതിനാൽ ഈ ബൈക്കിന്റെ ഉടമയെ ഇയാൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ച ഇയാളോട് ഇവിടെ ബൈക്ക് വയ്ക്കരുതെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ താൻ ഇപ്പോൾ വന്ന് ബൈക്ക് എടുക്കും എന്ന് പറഞ്ഞു മോഷ്ടാവ് സംഭവം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ യഥാർത്ഥ ഉടമയായ ജീവനക്കാരൻ സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് മോഷണശ്രമം നടന്ന വിവരം അറിഞ്ഞത്.
തുടർന്ന് ഇയാൾ ഹോട്ടലിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ഇയാൾ മുൻപും സമാന രീതിയിൽ ഹോട്ടലിൽ എത്തി മോഷണത്തിന് ശ്രമം നടത്തിയതായി സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ബൈക്കിന്റെ ഫ്യൂസ് അടക്കം തകർത്ത ഇനത്തിൽ 1500 രൂപയിൽ അധികം നഷ്ടം വന്നതായി ബൈക്കുടമ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.