കോട്ടയം : എന്നാ താൻ കേസുകൊട് എന്ന സ്റ്റൈലിൽ സ്വകാര്യ ബസിനോട് വിരട്ടലുമായി കെ എസ് ആർ ടി.സി. കോട്ടയം കിടങ്ങൂരിലാണ് സ്വകാര്യബസിൽ തട്ടിയ ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ വിരട്ടൽ അരങ്ങേറിയത്. പാലാ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻ്റ് എം ബസിലാണ് തൊടുപുഴ ഡിപ്പോയിലെ സ്വകാര്യ ബസ് ഇടിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടുകൂടി കിടങ്ങൂർ ഇന്ത്യ റബറിന് സമീപം ആയിരുന്നു അപകടം. പാലായിൽ നിന്ന് കോട്ടയത്തേയ്ക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ഈ ബസിലെ പിന്നാലെ എത്തിയ കെ എസ് ആർ ടി സി ബസ് ഇന്ത്യ റബറിന് സമീപത്ത് വച്ച് മറികടന്നു. ഇതിനിടെ കെ എസ് ആർ ടി സി ബസിൻ്റെ ഒരു വശം , സ്വകാര്യ ബസിൻ്റെ വശത്ത് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിൻ്റെ ഒരു വശത്തെ പെയിൻ്റ് പൂർണമായും നഷ്ടമായി. തുടർന്ന് ബസ് ജീവനക്കാർ കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതി നൽകിയതോടെ കെ എസ് ആർ ടി സി ജീവനക്കാരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. ഇത് തുടർന്നാണ് സ്വകാര്യ ബസ് ജീവനക്കാർ ബസ്സിന്റെ ഡാഷ് ക്യാമറയിലെ ദൃശ്യങ്ങൾ പോലീസിന് നൽകിയത്. എന്നാൽ , നഷ്ടപരിഹാരം നൽകാനാവില്ല എന്നും , കേസ് കൊടുത്തു കൊള്ളു എന്നുമായിരുന്നു കെ എസ് ആർ ടി സി ജീവനക്കാരുടെ വാദം. ഇതേ തുടർന്ന് , നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാനാണ് എം ആൻ്റ് എം ബസ് മാനേജ്മെൻ്റിൻ്റെ തീരുമാനം.