കോട്ടയം: എംസി റോഡിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ്.പ്രസിഡന്റ് യു.നവാസ്.എം.സി റോഡിൽ മണിപ്പുഴ ഭാഗത്ത് പുതുതായി ആരംഭിച്ച ലുലു മാളിലേക്ക് വരുന്ന വാഹനങ്ങൾ മാത്രം കയറ്റി വിടുന്നത് മൂലം കോട്ടയം നഗരം അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ, സ്വകാര്യ ഹോസ്പിറ്റലുകളിലേക്ക് അടക്കം രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും മണിക്കൂറുകളോളം എംസി റോഡിൽ ഗതാഗതകുരിക്കിൽപെട്ടു കൊണ്ടിരിക്കുകയാണ്.വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ എം സി റോഡ് വഴി ചങ്ങനാശ്ശേരിയിൽ എത്തിച്ചേരാൻ നാലു മണിക്കൂറുകളോളം പിന്നിടുന്നു എന്ന ദുരവസ്ഥയാണ് നിലനിൽക്കുന്നത്. അതുപോലെ മണിപ്പുഴയിൽ ലുലു അധികൃതർ എംസി റോഡ് കയ്യേറുകയും, സ്റ്റാഫിനെ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്നതും അറിഞ്ഞിട്ടും അധികൃതർ മൗനം തുടരുന്നതിനെതിരെ പാർട്ടി ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.