കോട്ടയം : വയനാട്ടിൽ ഭൂമിയിടിഞ്ഞ് ആയിരങ്ങൾ ദുരിതം നേരിടുന്ന നാട്ടിൽ യാതൊരു മാനദണ്ഡവും ഇല്ലാതെ കുന്ന് ഇടിച്ചു നിരത്തി ഭൂ മാഫിയ. അയർക്കുന്നം ഇല്ലിമൂല ജംഗ്ഷന് സമീപമായാണ് അനധികൃതമായി കുന്ന് ഇടിച്ചുനിരത്തി വ്യാപകമായി മണ്ണെടുക്കുന്നത്. ജില്ലാ കളക്ടറുടെ ഖനന നിരോധനം നിലനിൽക്കെയാണ് അയർക്കുന്നം തൈക്കൂട്ടം മെത്രാൻ ചേരി റൂട്ടിൽ കെഎസ്ഇബി സബ്സ്റ്റേഷന് എതിർവശത്ത് വ്യാപകമായ മണ്ണെടുപ്പ് നടന്നത്. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണെടുക്കാൻ ഉപയോഗിച്ചിരുന്ന ജെസിബിയും ടോറസും അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചയാണ് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ജില്ലയിലെ ഖനനം പൂർണ്ണമായി നിരോധിച്ചത്. ഇവിടെ കുന്ന് ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതിന് യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്ഥല ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.