കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ മാഞ്ഞൂർ സ്വദേശിയെ ഇടിച്ചത് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ആംബുലൻസ്. കണ്ണിന്റെ ഓ പിയിൽ പരിശോധന നടത്തിയ ശേഷം പുറത്തേക്ക് ഇറങ്ങിയ ആളെയാണ് ആംബുലൻസ് ഇടിച്ചു വീഴ്ത്തിയത്. കോട്ടയം മാഞ്ഞൂർ കുറ്റിപറിച്ചാൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽവച്ച് ഇദ്ദേഹത്തെ ആംബുലൻസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു. സംസ്കാരം ശനി പകൽ 3.30ന് വീട്ടുവളപ്പിൽ നടക്കും. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങി വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, സിന്ധു, വിനോദ്, വിനീഷ്. മരുമക്കൾ: രാജു, പുഷ്പനാഥ്, ശോഭ, സിന്ധു.