കോട്ടയം: തിരുവാതുക്കലിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഇടയാഴം സ്വദേശി ഷഹാസ് (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ് , അഖിൽ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഈ സമയം ഇതുവഴി കടന്നു പോയ മന്ത്രി പി.രാജീവിന്റെ വാഹത്തിലുണ്ടായിരുന്നവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തിരുവാതുക്കൽ പ്രീമിയം കോളേജ് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു സുഹൃത്തുക്കളായ മൂന്നു പേരും. ഇവർ തിരുവാതുക്കൽ പ്രീമിയം കോളേജ് ഭാഗത്ത് എത്തിയപ്പോൾ , നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന മൂന്നു പേരും റോഡിൽ തെറിച്ചു വീണു. റോഡിൽ തലയിടിച്ചു വീണാണ് ഷഹാസിന്റെ മരണം സംഭവിച്ചത്. തൽക്ഷണം തന്നെ ഷഹാസ് മരിച്ചു. ഈ സമയം ഇതുവഴി കടന്നു പോയ മന്ത്രി വാഹനം ഗതാഗതക്കുരുക്ക് കണ്ട് നിർത്തുകയും, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു വേണ്ട ക്രമീകരണം ഒരുക്കുകയും ചെയ്തു. 108 ആംബുലൻസിലാണ് ഷഹാസിനെയും പരിക്കേറ്റ സുഹൃത്തുക്കളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ചിതറിക്കിടന്ന രക്തവും അവശിഷ്ടങ്ങളും അഗ്നിരക്ഷാ സേന എത്തിയാണ് കഴുകിക്കളഞ്ഞത്. അപകട വിവരം അറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തി.