ഷാർജ: സന്ദർശകവിസയിലെത്തി ഏജന്റുമാരുടെ ചതിയില്‍പ്പെട്ട കോട്ടയം വൈക്കം സ്വദേശിനി ശാലിനി അഞ്ചുപറയില്‍ (30) നാട്ടിലേക്ക് മടങ്ങി. യു.എ.ഇ. യിലെ പ്രവാസി ഇന്ത്യ ലീഗല്‍ സർവീസ് സൊസൈറ്റി (പില്‍സ്) പ്രതിനിധി അഡ്വ.ഗിരിജാ കുമാരിയുടെ സഹായത്തിലാണ് നാട്ടിലേക്കുമടങ്ങാൻ സാധിച്ചത്. തൊഴിലന്വേഷിച്ച് സന്ദർശകവിസയില്‍ 2023 മാർച്ചിലാണ് ശാലിനി യു.എ.ഇ. യിലെത്തിയത്. കൂട്ടുകാരി വഴി പരിചയപ്പെട്ട മലയാളി യുവാവാണ് ‘ഫ്രീലാൻസ് വിസ’ സംഘടിപ്പിച്ചുതരാമെന്ന് വ്യാജവാഗ്ദാനം നല്‍കി ശാലിനിയില്‍നിന്നും പണം വാങ്ങി കബളിപ്പിച്ചത്. വിസയുടെ പേരില്‍ 4500 ദിർഹവും 500 ദിർഹത്തോളം വിലവരുന്ന ക്യാമറയും യുവാവ് തന്നോട് വാങ്ങിയെന്ന് ശാലിനി പറഞ്ഞു. 2023 മേയ് മാസത്തിലാണ് യുവാവിന് പണം നല്‍കിയത്. പണംവാങ്ങിയ മലയാളിയെക്കുറിച്ച് പിന്നീട് യാതൊരുവിവരവുമില്ലാത്തതിനെ തുടർന്നാണ് ദുബായിലെ സാമൂഹിക പ്രവർത്തകകൂടിയായ അഭിഭാഷകയുടെ സഹായം തേടിയത്. സന്ദർശക വിസ പുതുക്കാൻ പണമില്ലാതെ പ്രയാസപ്പെട്ടു. അനധികൃതമായി കഴിയുന്നതിനാല്‍ ജോലിക്കുപോകാനും സാധിച്ചില്ല. സുഹൃത്തുക്കളുടെയും മറ്റും കാരുണ്യത്തിലാണ് ഇത്രകാലവും കഴിഞ്ഞതെന്നും ശാലിനി പറഞ്ഞു. അതിനിടയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെയാണ് പിഴയില്ലാതെ നാടണയാൻ സാധിച്ചത്. അഡ്വ.ഗിരിജാ കുമാരിയുടെ ഇടപെടലിലൂടെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്നും വേഗത്തില്‍ ഔട്ട് പാസ് ലഭിക്കുകയും ചെയ്തു. വിമാനയാത്രക്കൂലിയും സാമൂഹിക പ്രവർത്തകർ സഹായിച്ചു. രണ്ടുകുട്ടികളുടെ മാതാവാണ് ശാലിനി, ഒരു മകള്‍ക്ക് കിഡ്നി സംബന്ധമായ അസുഖവുമുണ്ട്. അതേസമയം അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്തും യു.എ.ഇയുടെ ദേശീയദിനത്തോടനുബന്ധിച്ചും പൊതുമാപ്പ് രണ്ട് മാസത്തേക്കുകൂടി നീട്ടി. ആയിരങ്ങള്‍ക്ക് ആശ്വാസമായി ഒക്ടോബർ 31 ന് അവസാനിക്കാനിരുന്ന പൊതുമാപ്പ് പദ്ധതി അടുത്ത ഡിസംബർ 31 വരെ നീളും. കഴിഞ്ഞ രണ്ട് മാസത്തിനകം ആയിരക്കണക്കിന് ആളുകള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി. പിഴയായി അടക്കേണ്ടിയിരുന്ന വൻതുകയും എഴുതിതള്ളി. പൊതുമാപ്പ് ഉപയോഗിച്ചവരില്‍ 85 ശതമാനം പേരും രേഖകള്‍ ശരിയാക്കി യു.എ.ഇയില്‍ തുടരുകയായിരുന്നു. ശേഷിച്ച 15 ശതമാനം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് പുതിയ വിസയില്‍ യു.എ.ഇയില്‍ തിരിച്ചെത്താം.