കോട്ടയം: കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി മത്സ്യ സഹകരണ സംഘം കെട്ടിടം നിർമ്മിക്കുന്നതായി പരാതി. കുമരകം – വെച്ചൂർ റോഡ് ചീപ്പുങ്കലിനു സമീപമാണ് റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം നിർമ്മിക്കാൻ ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘം ശ്രമം ആരംഭിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കോട്ടയം – കുമരകം – വെച്ചൂർ റോഡിൽ ചീപ്പുങ്കൽ ഭാഗത്തായാണ് റോഡ് പുറമ്പോക്ക് കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് നിലവിൽ കുമരകം ഭാഗത്ത് സഹകരണ സംഘം ഉണ്ട്. ഈ സഹകരണ സംഘത്തിന് മീൻ വിൽപ്പന നടത്തുന്നതിനുള്ള സ്റ്റാൾ നിർമ്മിക്കുന്നതിനു വേണ്ടിയാണ് ഈ റോഡരികിലെ ഈ അനധികൃത നിർമ്മാണം. കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ റോഡ് പുറമ്പോക്കിലെ ഓട സഹകരണ സംഘം അധികൃതർ മണ്ണിട്ട് നികത്തിയിരുന്നു. മണ്ണിട്ട് നികത്തിയ ശേഷം ഈ ഓടയ്ക്ക് മുകളിൽ ഷെഡ് നിർമ്മിക്കുന്നതിനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.
കോട്ടയം കുമരകം റോഡിൽ ഏറ്റവും തിരക്കേറിയതും വീതികുറഞ്ഞതുമായ ഭാഗമാണ് ചീപ്പുങ്കൽ ഭാഗം. ഇവിടെയാണ് ഇപ്പോൾ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡ് പുറമ്പോക്ക് കയ്യേറി മണ്ണിട്ടുയർത്തി ഷെഡ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നിരവധി സംഘടനകൾ അടക്കം ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. റോഡ് പുറമ്പോക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അയ്മനം പഞ്ചായത്ത് അനുമതി നൽകിയതായാണ് സഹകരണ സംഘത്തിന്റെ അവകാശവാദം. ഇത്തരത്തിൽ റോഡ് പുറമ്പോക്കിൽ നിർമ്മാണം നടത്താൻ പഞ്ചായത്ത് എങ്ങിനെ അനുവാദം നൽകുമെന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്. ഈ സാഹചര്യത്തിൽ അനധികൃതമായി ഇപ്പോൾ നടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ അടിയന്തരമായ ഇടപെടൽ ആവശ്യമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.