കോട്ടയം: കുമ്മനത്ത് പത്തുവയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി വായിൽ തുണി തിരുകി വീടിനുള്ളിൽ കെട്ടിയിട്ടു. അരമണിക്കൂറോളം വീടിനുള്ളിൽ കിടന്ന കുട്ടി, മൂക്ക് കൊണ്ട് ഫോൺ ചെയ്ത് അയൽവീട്ടിലെ സുഹൃത്തിനെ വിളിച്ചു വരുത്തി…! നാലു ദിവസം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടി പറഞ്ഞ കഥയ്ക്കു പിന്നാലെ നടന്ന വട്ടം കറങ്ങിയിരിക്കുകയാണ് കുമരകം പൊലീസ്. സംഭവ സ്ഥലത്ത് എത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടിയുടെ കഥയിലെ പൊരുത്തക്കേടുകൾ പൊലീസിനെയും വട്ടം കറക്കുകയാണ്.
നാലു ദിവസം മുൻപ് കോട്ടയം താഴത്തങ്ങാടി കുമ്മനത്തായിരുന്നു നാടിനെ മുഴുവൻ മുൾ മുനയിൽ നിർത്തിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പത്തു വയസുകാരിയായ പെൺകുട്ടി സ്‌കൂൾ വിട്ടു വരുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി കയ്യിൽ കടന്നു പിടിച്ചതായി കുട്ടി പിതാവിനെ വിളിച്ച് പറഞ്ഞതോടെയാണ് സംഭവങ്ങൾക്കു തുടക്കമാകുന്നത്. ഇതോടെ പിതാവിന്റെ നിർദേശം അനുസരിച്ച് കുട്ടി വീടിനുള്ളിൽ കയറിയിരുന്നു. വീടിന്റെ മുൻ വാതിൽ കുട്ടി ലോക്ക് ചെയ്തു. ഈ സമയം പ്രതിയായ ഇതര സംസ്ഥാനക്കാരൻ പിൻ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ച്, ഉള്ളിൽ ഒളിച്ചിരുന്നതായി കുട്ടി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം തന്നെ കടന്നു പിടിച്ച് വായിൽ തുണി തിരുകിയ ശേഷം , കൈകൾ കെട്ടിയിട്ടതായും പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഇതിന് ശേഷം വീടിന്റെ മുറ്റത്ത് വാഹനം വന്നു നിന്ന ശബ്ദം കേട്ടപ്പോൾ ഇയാൾ ഓടിരക്ഷപെട്ടതായും പെൺകുട്ടി പറയുന്നു. ഇതിന് ശേഷം തന്റെ മൂക്ക് ഉപയോഗിച്ച് അയൽവാസിയായ പെൺകുട്ടിയെ വിളിച്ചാണ് താൻ കയ്യിലെ കെട്ടും, വായിൽ തിരുകിയ തുണിയും പുറത്തെടുത്തതെന്നും പെൺകുട്ടി പറയുന്നു. ഇതിന് ശേഷം പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചത് അനുസരിച്ച് കുമരകം പൊലീസ് സ്ഥലത്ത് എത്തി കുട്ടിയുടെ മൊഴി എടുത്തു. തുടർന്ന്, ഫോറൻസിക് സംഘം അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തി.
എന്നാൽ, കുട്ടി പറയുന്ന കഥയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് നാട്ടുകാരുടെ മൊഴിയെടുത്ത പൊലീസ് സംഘത്തിന് ലഭിക്കുന്ന വിവരം. കുട്ടിയുടെ കയ്യിലെ കെട്ട് തനിയെ കെട്ടിയതിന് സമാനമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വായിൽ തിരുകിയ തുണി പോലും ബലം പ്രയോഗിച്ച് തിരുകിയ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. കുട്ടിയുടെ കെട്ടഴിച്ചു വിട്ട അയൽവാസിയായ കുട്ടിയുടെ മൊഴിയെടുത്ത പൊലീസിനും മറ്റൊരാൾ സ്ഥലത്തുണ്ടായിരുന്ന എന്ന വിവരത്തെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുമരകം പൊലീസ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.