കോട്ടയം: ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബങ്ങളെ അയൽവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതായി പരാതി. റോഡ് പുറമ്പോക്കിലിരിക്കുന്ന മൂന്ന് വീടുകൾ അയൽവാസിയുടെ വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നതായുള്ള പരാതിയെ തുടർന്നാണ് വീടുകൾ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നത്. ജീവിക്കാൻ യാതൊരു ഗതിയുമില്ലാത്ത മൂകയും ബധിരയുമായ ഭിന്നശേഷി യുവതി അടക്കമുള്ള മൂന്ന് കുടുംബങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാനുള്ള നീക്കത്തിൽ പ്രതിഷേധവും ശക്തമാണ്.
തൃക്കൊടിത്താനം – തെങ്ങണ റോഡരികിൽ പുലിക്കോട്ട് പടി കുരിശടിയ്ക്കു സമീപം റോഡ് പുറമ്പോക്കിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളെയാണ് മതിയായ ക്രമീകരണം ഒരുക്കി നൽകാതെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതെന്നാണ് പരാതി. ഈ റോഡരകിൽ താമസിക്കുന്ന മൂന്ന് വീടുകൾക്കു പിന്നിലായി പ്രദേശത്തെ പൗരപ്രമുഖന്റെ വീടുണ്ട്. ഈ വീടിന് ഭംഗി നഷ്ടമാകുമെന്നു കാട്ടിയാണ് ഈ കുടുംബങ്ങളെ ഒഴിപ്പിക്കാൻ നീക്കം ആരംഭിച്ചത്. ഈ വഴിയരികിൽ നിന്നും ഏഴു ദിവസത്തിനുള്ളിൽ ഒഴിയണമെന്നു കാട്ടി കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് റോഡ് വിഭാഗം ഇവർക്ക് കത്ത് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ താമസിക്കുന്ന ബോബൻ ലീന ദമ്പതികളുടെ മകൾ ഭിന്നശേഷിക്കാരിയാണ്. ബധിരയും മൂകയുമായ കുട്ടിയുമായി അടച്ചുറപ്പ് പോലുമില്ലാത്ത റോഡരികിലെ വീട്ടിലാണ് ഇവർ കഴിയുന്നത്. ഇത്തരത്തിൽ ദുരിതത്തിൽ കഴിയുന്നവരെയാണ് അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുറമ്പോക്കിൽ നിന്നും ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതെന്നാണ് പരാതി. ഇതു സംബന്ധിച്ചു നാട്ടുകാർ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ മൂന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോൾ പകരം ഇവർക്ക് കിടപ്പാടം ഒരുക്കി നൽകാൻ പൊരുമരാമത്ത് വകുപ്പോ പരാതി നൽകിയവരോ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.