കോട്ടയം: യുവാവ് മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ സാജൻ വർഗീസ് മകൻ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32), മീനടം എടാട്ടുപടി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ കുര്യാക്കോസ് മകൻ റ്റോം കുര്യാക്കോസ് (53) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂവരും ചേർന്ന് കങ്ങഴ മുണ്ടത്താനം ഭാഗത്തുള്ള യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് സമീപസ്ഥലത്തെ വീട്ടിൽ നിന്നും ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനിടയിൽ സമീപവാസികളായ ഇവർ വരികയും, ഇവിടെനിന്ന് മണൽ കൊണ്ടുപോകണമെങ്കിൽ 2000 രൂപ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച യുവാവിന് നേരെ ഇവർ അസഭ്യം പറയുകയും, ഹിറ്റാച്ചി ഓടിച്ചിരുന്ന ഇയാളുടെ ഡ്രൈവറെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു മുൻപും ഇവർ ഭീഷണിപ്പെടുത്തി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി യുവാവ് പോലീസിനോട് പറഞ്ഞു. പ്രതികൾ ഒരാളായ രഞ്ജിത്ത് സാജൻ പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മറ്റൊരു പ്രതിയായ ബിബിന് കോട്ടയം ഈസ്റ്റ്, മണർകാട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ ലെബിമോൻ, ശ്രീരംഗൻ,അംഗദൻ, സി.പി.ഓ മാരായ സുരേഷ്, ജയകൃഷ്ണൻ, അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.