കോട്ടയം: കുമ്മനത്ത് കനത്ത കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് നാശ നഷ്ടം. അഞ്ചു വീടുകളാണ് തിരുവാർപ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ കുമ്മനം പ്രദേശത്ത് നശിച്ചത്. ഒരു വീടിനു മുകളിൽ മരം വീണ് കിടപ്പുരോഗിയായ വീട്ടമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. കുമ്മനം പെരുമ്പള്ളിയിൽ വേണുഗോപാലൻ നായരുടെ വീടിനു മുകളിലാണ് മരം വീണത്. വീടിന്റെ ഭിത്തി തകരുകയും ചെയ്തു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിയമ്മയ്ക്ക് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമ്മനം തട്ടാപ്പറമ്പിൽ മനോജിന്റെ വീടിനു മുകളിലേയ്ക്ക് ജാതിയാണ് മറിഞ്ഞു വീണത്. വീടിന്റെ രണ്ട് വശത്തേയ്ക്കും ജാതിമരം മറിഞ്ഞ് വീണ് അടുക്കളയ്ക്കും, ബെഡ്‌റൂമിനും കേടുപാടുകൾ സംഭവിച്ചു. കുമ്മനം വടക്കേടത്ത് മാലിയിൽ നൗഷാദിന്റെ വീടിനു മുകളിലേയ്ക്ക് പ്ലാവാണ് വീണത്. ഇദ്ദേഹത്തിന്റെ വീടിനും സാരമായി കേടുപാടുകൾ സംഭവിച്ചു. കദളിപ്പറമ്പിൽ സലാഹുദീന്റെ നിർമ്മാണത്തിലിരുന്ന വീടിനു മുകളിലേയ്ക്ക് രണ്ട് തേക്ക് മരമാണ് മറിഞ്ഞു വീണത്. വീടിന് സാരമായി കേടുപാടുകളുണ്ട്. കുമ്മനം ദാറുൽഅസ്ഹയിൽ സെയ്ദുമുഹമ്മദിന്റെ വീടിനു മുകളിൽ സമീപത്തെ പുരയിടത്തിൽ നിന്ന ആഞ്ഞിലിയാണ് വീണത്. വീടിന്റെ അടുക്കള അടക്കം തകർന്നു.