കുറവിലങ്ങാട്: സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ 78ാം വാർഷികത്തിന്റെ അമൂല്യസ്മൃതികൾ അയവിറക്കി ദേവമാതായിലെ വിദ്യാർഥിസമൂഹം ഇന്ത്യയുടെ ജൈവഭൂപടം ഒരുക്കി. ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മർത്തമറിയം ഫൊറോനപള്ളി അങ്കണത്തിൽ നാനാജാതിമതസ്ഥരായ വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ ഭാരതഭൂപടത്തിന്റെ ആകൃതിയിൽ ഒരുമിച്ചു. കോളേജിലെ മൂന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥി ഷൈബിൻ ഷൈജോ വരച്ച ഭാരത ഭൂപടത്തിൽ അധ്യാപകരും അനധ്യാപകരും കുറവിലങ്ങാട് പഞ്ചായത്തിലെ വിമുക്തഭടന്മാരും ഭാഗമായി.
നാനാത്വത്തിൽ ഏകത്വം എന്ന വൈവിധ്യപൂർണ്ണമായ ഇന്ത്യൻ ദേശീയതയുടെ സൂചകമായി ഇത് മാറി. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന സമകാലിക വെല്ലുവിളികളെക്കുറിച്ചും സ്വാതന്ത്ര്യലബ്ധിയുടെ പിന്നിലുള്ള ത്യാഗോജ്വലമായ ചരിത്രത്തെ കുറിച്ചും ഏവർക്കും ബോധ്യം പകരുന്ന ഒരു നവീന അനുഭവമായി ഇത്. 78 ാം സ്വാതന്ത്ര്യ ദിന വാർഷികത്തെ അനുസ്മരിച്ചുകൊണ്ട് 78 ത്രിവർണ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തിവിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപക അനധ്യാപക വിദ്യാർത്ഥി സമൂഹവും കുറവിലങ്ങാട് പഞ്ചായത്തിലെ വിമുക്തഭടന്മാരും അണിനിരന്ന സ്വാതന്ത്ര്യദിനസന്ദേശ റാലി കുറവിലങ്ങാട് സർക്കിൾ ഇൻസ്പെക്ടർ അജീബ് ഇ. ഫ്ലാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യസമരസേനാനികളുടെയും രാഷ്ട്രശില്പികളുടെയും വേഷം ധരിച്ചെത്തിയ കുട്ടികൾ റാലിയെ ഏറെ മനോഹരമാക്കി. ശുഭ്രവസ്ത്രധാരികളും ത്രിവർണപതാക കൈയിൽ ഏന്തിയവരും ചിട്ടയായി റാലിയിൽ അണിനിരന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി ആശംസകൾ നേർന്നു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച് കുമാരി കാർത്തിക പ്രവീൺ പ്രഭാഷണം നടത്തി.
തുടർന്ന് ദേവമാതാ മ്യൂസിക് അക്കാദമി അവതരിപ്പിച്ച ദേശഭക്തിഗാനാലാപനവും വിദ്യാർത്ഥികൾക്കായി ആസാദി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ, പ്രോഗ്രാം കോഡിനേറ്റർമാരായ ക്യാപ്റ്റൻ സതീഷ് തോമസ്, ആൽഫിൻ ചാക്കോ, ലിബിൻ പി. ടോംസ്, പി.ആർ.ഒ. ഡോ. ജോബിൻ ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ്, ടാൻസൺ സിറിയക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.